കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റില്‍ സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിറയുന്നു.
ഇതുവരെ ഇയാളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ഇടപെടലുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്. പല പണമിടപാരുടെ കൈകളില്നിന്നായി സനു പണം കടം വാങ്ങിയിരുന്നതായാണു സൂചനകള്‍.
പണം തിരികെ കൊടുക്കാത്തതിന്റെ ഫലമായി ഇവര്‍ ക്വട്ടേഷന്‍ നല്‍കിയതാണോയെന്നും സംശയം ഉയരുകയാണ്.സനു മോഹന്റെ കാര്‍ കേന്ദ്രീകരിച്ചാണു കൂടുതല്‍ അന്വേഷണം നടക്കുന്നത്.
കാര്‍ കണ്ടെത്താനായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണു പോലീസ് തീരുമാനം. നിലവില്‍ ഇരുപതോളം കാമറകള്‍ പരിരോധിച്ചിട്ടുണ്ട്. സനു മോഹന്‍ ജീവിച്ചിരിപ്പുള്ളതായിട്ടാണു പോലീസ് കരുതുന്നത്.
എട്ടോളം പേര്‍ക്ക് പണം കൊടുക്കാനുള്ളതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായായി പറയുന്നു. എത്ര ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നതിനെക്കുറിച്ചു പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
ഞായറാഴ്ച വൈകിട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്നു വൈഗയും സനുവും ഫ്ളാറ്റില്‍ എത്തിയതിനും ഇരുവരും കാറില്‍ മടങ്ങിയതിനും ദൃക്സാക്ഷികളുണ്ട്. എന്നാല്‍ കാര്‍ എവിടേക്കാണു പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇതുവരെ കാര്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കാര്‍ സംസ്ഥാനത്തിനു പുറത്തുപോയോ എന്നും സംശയം ഉയരുന്നുണ്ട്. കാറില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും കണ്ടെത്താനായിട്ടില്ല.
സനു പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ മനസിലാക്കുന്നതിനായി സുഹൃത്തുക്കളുടെ മൊഴി എടുക്കുന്നുണ്ട്. ഞായറാഴ്ച രാത്രിയാണ് ഭാര്യവീട്ടില്‍നിന്നു ബന്ധുക്കളുടെ വീട്ടിലേക്കെന്നു പറഞ്ഞ് ഇരുവരും ഇറങ്ങിയത്.
രാത്രിയായിട്ടും കാണാതെ വന്നതോടെ ബന്ധുക്കള്‍ ചേര്‍ന്നു തിങ്കളാഴ്ച രാവിലെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തി.