കൊച്ചി: മുട്ടാര്‍പുഴയില്‍ ബാലികയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഒളിവില്‍പോയ പിതാവ് സനു മോഹനെക്കുറിച്ചുള്ള നിഗൂഢതകളേറുന്നു. സംഭവം നടന്ന് 19 ദിവസം പിന്നിടുമ്പോഴും ഒളിവില്‍ കഴിയുന്ന സനു മോഹനെക്കുറിച്ചുള്ള യാതൊരുവിവരവും പോലീസിന് കണ്ടെത്താനായിട്ടില്ല.
അതേസമയം കൊലനടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോയതാകാം എന്നായിരുന്നു പോലീസിന്റെ പ്രാഥമിക വിവരങ്ങള്‍.എന്നാല്‍ കൊലപാതകം എന്തിന് നടത്തി, വ്യക്തിപരമായി മറ്റ് കാരണങ്ങളാണ് കൊലക്ക് പിന്നിലെങ്കില്‍ ഭാര്യ രമ്യയെ എന്തുകൊണ്ട് അപായപ്പെടുത്തിയില്ല തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തെ കുഴക്കുന്നത്.
ഇയാളുടെ തമിഴ്നാട്ടിലുള്ള സുഹൃത്തുക്കളുടെ പക്കല്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. സനുമോഹന്റെ അടുത്ത ബന്ധുക്കളെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇദ്ദേഹത്തിന്റെ ചെറിയ ചില സാമ്പത്തിക തട്ടിപ്പുകള്‍ അറിയാമെന്നല്ലാതെ പൂനയിലടക്കമുളള വന്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഇവര്‍ക്ക് കാര്യമായ വിവരം പോലീസിന് നല്‍കാനായിട്ടില്ല. ഭാര്യയെ ആലപ്പുഴയിലെ വീട്ടിലാക്കിയശേഷം മകളുമായി കൊച്ചിയിലേക്കു തിരിച്ചുപോന്നതു സംബന്ധിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.
തൃക്കാക്കരയില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ നിന്നും പോലീസിന് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സനു മോഹനെക്കുറിച്ച് അടുത്ത ബന്ധുക്കള്‍ക്കോ സുഹൃത്തുകള്‍ക്കോ കാര്യമായി ഒന്നും അറിയില്ലാത്തത് തന്നെയാണ് അന്വേഷണസംഘത്തെ വലയ്ക്കുന്നത്.
അതിനിടെ സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്കു കടന്ന ഇയാളുടെ കൈവശമുള്ള ഒരു മൊബൈല്‍ ഫോണ്‍ സ്വച്ച് ഓണ്‍ ആയതായും ഈ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും സൂചനകളുണ്ട്.ഒളിവില്‍ പോകുന്ന സമയത്ത് സനു മോഹന്റെ കൈവശം ഭാര്യ രമ്യയുടേയും വൈഗയുടേതുമടക്കം നാല് മൊബൈല്‍ നമ്പറുകളാണ് ഉണ്ടായിരുന്നത്.
ഇതില്‍ വൈഗ ഉപയോഗിച്ചിരുന്ന നമ്പര്‍ ഓണ്‍ ആയതായാണ് സൂചന. കേസില്‍ തമഴ്നാട് പോലീസിന്റെ സഹായവും പ്രത്യേക അന്വേഷണസംഘം തേടിയിട്ടുണ്ട്.കഴിഞ്ഞ 21ന് ഭാര്യ രമ്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി മകളോടൊപ്പം കാറില്‍ പുറപ്പെട്ടതാണ് സനുമോഹന്.
പിറ്റേന്ന് മകള്‍ വൈഗയുടെ മൃതദേഹം കളമശേരി മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയെങ്കിലും സനുമോഹനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.