കൊച്ചി: വൈഗയെ കൊലപ്പെടുത്തിയ ശേഷം കേരളം വിട്ട സനു മോഹന്റെ കാറനുള്ളിലെ രക്തക്കറ ആരുടേതെന്ന് തെരഞ്ഞ് അന്വേഷണസംഘം.
കോയമ്പത്തൂരിലേക്ക് സനു ഒളിച്ചു കടക്കാന്‍ ശ്രമിച്ച കാര്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘം കൊച്ചിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് കാറിനുള്ളില്‍ രക്തക്കറ കണ്ടെത്തിയത്.
നേരത്തെ സനുവിന്റെ കങ്ങരപ്പടിയിലുള്ള ഫ്ളാറ്റില്‍നിന്നും കണ്ടെത്തിയ രക്തക്കറ വൈഗയുടേതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സനുവിന്റെ കാറിനുള്ളിലും രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുള്ളത്.
ഇത് വൈഗയുടേത് തന്നെയാണോ അതോ മറ്റാരുടേയെങ്കിലുമാണോ എന്നാതാണ് നിലവില്‍ അന്വേഷണസംഘം പരിശോധിക്കുന്നത്.
നേരത്തെ ഒളിവില്‍ പോയ സമയത്ത് സനുവിന്റെ വാഹനത്തില്‍ മാറ്റൊരാളുടെ സാന്നിധ്യം പോലീസ് സംശയിച്ചിരുന്നു.
വാളയാര്‍ ചെക്ക് പോസ്റ്റില്‍നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നായിരുന്നു പോലീസിന് ഈ സംശയം ബലപ്പെട്ടത്.
എന്നാല്‍ താന്‍ ഒറ്റക്കായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നാണ് സനു പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.
കാറിനുള്ളില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള രക്തക്കറ മാറ്റാരുടെതെങ്കിലുമാണോ എന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല.
തൃപ്പൂണിത്തുറ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധരാണ് ഇന്നലെ കാര്‍ പരിശോധിച്ചത്. വൈകാതെ തന്നെ ഇതിന്റെ റിപ്പോര്‍ട്ട് പോലീസിന് കൈമാറിയേക്കും.
അന്വേഷണസംഘം കൂടെ കൊണ്ടുപോയ പോലീസ് ഡ്രൈവറാണ് കഴിഞ്ഞ ദിവസം കാര്‍ തിരികെ എത്തിച്ചത്.
വൈഗയെ പുതപ്പില്‍ പൊതിഞ്ഞ് ഈ കാറിലാണ് കിടത്തിയതെന്ന് സനു ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. കോയമ്പത്തൂരില്‍നിന്ന് പോലീസ് കാര്‍ പിടിച്ചെടുത്തത്.
സനു മോഹനുമായി തൃക്കാക്കര സിഐ കെ. ധനപാലന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്.
അതിനിടെ സനു മോഹന്റെ കൂടുതല്‍ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ മുംബൈയിലേക്ക് പോയ ഡസിപി ഐശ്വര്യ ഡോംങ്റേ തിരിച്ചെത്തി. പ്രത്യേക അന്വേഷണസംഘം രണ്ടുദിവസത്തിനകം മടങ്ങിയെത്തും.
മൂന്നുകോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസാണ് മുംബൈയില്‍ സനുവിനെതിരേയുള്ളത്. മുംബൈ പോലീസ് ഈ കേസ് അന്വേഷിച്ചു വരികയാണ്.