കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്നു ഭാര്യ രമ്യക്കും മകൾ വൈഗയ്ക്കുമൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി തയാറാക്കിയതെങ്കിലും ഭാര്യ വിസമ്മതിച്ചതിനാൽ നടന്നില്ലെന്നു സനു മോഹന്റെ മൊഴി. മകളെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തപ്പോഴാണ് പ്രതി ഇപ്രകാരം പറഞ്ഞത്.
ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷമാണു വൈഗ ജനിച്ചത്. അതിനാല്‍ മകളോടു വലിയ സ്നേഹമായിരുന്നു. മൂന്നു കോടിയിലധികം രൂപയുടെ കടബാധ്യതകളെത്തുടര്‍ന്നു ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണു കടുംകൈയ്ക്കു തീരുമാനിച്ചത്.
താൻ മരിച്ചാൽ മകളെ നോക്കാൻ ആരുമില്ലാത്തതിനാലാണു കൊല നടത്തിയത്. എന്നാൽ മകളെ കൊന്നശേഷം ആത്മഹത്യചെയ്യാൻ ധൈര്യം കിട്ടിയില്ല. അതിനാലാണു രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും സനു മോഹൻ പറയുന്നു.
ജീവിച്ചിരിക്കാന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. മകളെ കൊന്നശേഷം മരിക്കാനായി കീടനാശിനി കഴിച്ചിരുന്നു. വാഹനത്തിനു മുന്നില്‍ ചാടാനും കൈഞരമ്പ് മുറിക്കാനും ട്രെയിനിനു തലവയ്ക്കാനുമൊക്കെ ആലോചിച്ചു.
ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടാലുള്ള ദുരിതമോര്‍ത്തപ്പോള്‍ ധൈര്യം ചോര്‍ന്നുപോയി. കര്‍ണാടകയിലെ കാര്‍വാര്‍ ബീച്ചിലെത്തിയതു പാറയിടുക്കില്‍ ചാടി മരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്നും സനു പറഞ്ഞു.
സനുവിന്റെ വായ്ക്കുള്ളിൽ പൊള്ളല്‍ ഉണ്ടെങ്കിലും ഇതു കീടനാശിനി കഴിച്ചുണ്ടായതാണോ എന്നു വ്യക്തമല്ല.കൂട്ട ആത്മഹത്യക്കൊരുങ്ങി എന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ ഭാര്യയെ ചോദ്യംചെയ്താലെ വ്യക്തത വരൂവെന്നു പോലീസ് പറയുന്നു.
കുട്ടിയെ കൊലപ്പെടുത്താനുള്ള സാഹചര്യം ഉള്‍പ്പെടെ ഭാര്യ വെളിപ്പെടുത്തുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ആദ്യം ഭാര്യയെ ചോദ്യംചെയ്യാനും പിന്നീട് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനുമാണു പോലീസ് നീക്കം.