കൊച്ചി: വൈഗക്കൊല കേസുമായി ബന്ധപ്പെട്ട് പ്രതി സനു മോഹനെയും ബന്ധുക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി.
വൈഗയെ എന്തിന് കൊലപ്പെടുത്തി, എങ്ങനെ സാമ്പത്തിക ബാധ്യത വന്നു തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കാണ് ഉത്തരം ലഭിക്കാനുള്ളത്. ഇത് ബന്ധുക്കളെയും അടുത്ത സുഹൃത്തുകളുടെയും സാന്നിധ്യത്തില്‍ സനുവിൽ നിന്നും ചോദിച്ചറിയാനാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
അതിനിടെ സനുവിന്റെ കാറിനുള്ളില്‍ നിന്നു കണ്ടെത്തിയ രക്തക്കറ സംബന്ധിച്ചും ഒളിവില്‍ കഴിയുമ്പോൾ മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്. 10 ദിവസത്തെ കസ്റ്റഡിയിലുള്ള സനുവിനെ 29-നാണ് വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടത്.
അതിനാൽ പരമാവധി വേഗത്തില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കൊല്ലൂരില്‍ ആറ് ദിവസമാണ് പ്രതി ഒളിവില്‍ കഴിഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാള്‍ താമസിച്ച മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒരു ജാക്കറ്റ് കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്നു കൊല്ലൂര്‍ ബസ് സ്റ്റാന്‍ഡ്, യാത്രാ മധ്യേ ഇയാള്‍ ബസ് മാറിക്കയറിയ വനമേഖല തുടങ്ങിയ സ്ഥലങ്ങളിലും തെളിവെടുപ്പു നടത്തി.
വാടക കൊടുക്കാതെ മുങ്ങിയ ഇയാള്‍ താമസിച്ച ഹോട്ടല്‍ മുറിയുടെ താക്കോല്‍ ബൈന്ദൂരില്‍ റോഡരികില്‍ വലിച്ചെറിഞ്ഞതായി ഹോട്ടലിലെ തെളിവെടുപ്പിനിടെ സനു വ്യക്തമാക്കിയിരുന്നു.
കൊല്ലൂരിലെ തെളിവെടുപ്പിനു ശേഷം സനുവുമായി ബൈന്ദൂരിലെത്തിയ പോലീസ് സംഘം ഇവിടെ നിന്നു താക്കോലും കണ്ടെടുത്തു.
ഏപ്രില്‍ 10നു രാവിലെ കൊല്ലൂര്‍ ക്ഷേത്രത്തിനു തൊട്ടടുത്ത ബീന റസിഡന്‍സിയില്‍ മുറിയെടുത്ത സനു 16നു രാവിലെയാണ് ഇവിടെനിന്നു മുങ്ങിയത്. അപ്പോൾ കൈവശം ഒരു ചെറിയ ബാഗ് മാത്രമാണ് ഉണ്ടായിരുന്നത്.
താമസിച്ച മുറിയില്‍നിന്ന് കണ്ടെത്തിയത് ഒരു ജാക്കറ്റ് മാത്രവും. ബാഗും മറ്റു സാധനങ്ങളുമെല്ലാം മുങ്ങുന്നതിന് മുമ്പ് കടത്തിയിരുന്നു. ഇത് മാറ്റാരുടെയെങ്കിലും സഹായത്തോടെയാണോയെന്നതാണ് പോലീസ് അന്വേഷിക്കുന്നത്.