കൊച്ചി: വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ക്കെതിരെ ആരോപണവുമായി സനു മോഹന്റെ അമ്മ സരള രംഗത്ത്. സനു മോഹന്റെ തിരോധാനത്തില്‍ മരുമകളുടെ കുടുംബം പറയുന്ന കാര്യങ്ങളില്‍ അസ്വഭാവികതയുണ്ട്.
പൂനയില്‍ സാമ്പത്തിക ബാധ്യതകളുണ്ടായതിനെത്തുടര്ന്ന് കൊച്ചിയിലെത്തിയ മകനും കുടുംബവും ഒളിവില്‍ കഴിഞ്ഞിരുന്ന വിവരം സനുവിന്റെ ഭാര്യ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു.
എന്നാല്‍ ഇവരെ അഞ്ച് വര്‍ഷത്തോളമായി ബന്ധുക്കള്‍ തങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. സനുവിനെ ആരെങ്കിലും തട്ടികൊണ്ടു പോയെന്നാണ് കരുതുന്നതെന്നും സരള പറഞ്ഞു.
അഞ്ചുവർഷമായി സനു കൊച്ചിയിൽ താമസിച്ചത് തങ്ങളറിഞ്ഞില്ലെന്ന അമ്മയുടെ വെളിപ്പെടുത്തൽ അന്വേഷണ സംഘത്തെയും ആശ്ചര്യപ്പെടുത്തി.
അതിനിടെ സനു മോഹനെ തിരയുന്ന ഒരുവിഭാഗം അന്വേഷണസംഘം പൂനയിലെത്തി. സനുവിന്റെ സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന സംഘം പൂനെയില്‍ സനുവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെ വിശദാംശങ്ങളും പരിശോധിക്കും.
നേരത്തെ പൂന പോലീസില്‍ നിന്നും വിവരങ്ങല്‍ ലഭിച്ചിരുന്നതിനെത്തുടര്ന്നാണ് അന്വേഷണസംഘം അങ്ങോട്ട് തിരിക്കാതിരുന്നത്. എന്നാല്‍ സനു മോഹന്‍ ഒളിവില്‍ പോയി 21 ദിവസങ്ങള്‍ പിന്നിട്ടിട്ടും പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംഘം നേരിട്ടെത്തിയിട്ടുള്ളത്.
നിലവില്‍ കോയമ്പത്തൂരിലും ചെന്നൈയിലും രണ്ട് സംഘം സനുവിനായി തിരച്ചില്‍ നടത്തുണ്ട്. ഇയാള്‍ ഒളിവില്‍ പോയ സാഹചര്യത്തില്‍ സാന്പത്തിക ആവശ്യങ്ങള്‍ക്കായി സുഹൃത്തുക്കളെയോ അടുത്ത ബന്ധുക്കളേയോ ബന്ധപ്പെട്ടുമെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്‍.
എന്നാല്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകാതിരുന്നത് അന്വേഷണം വൈകുന്നതിനിടയാക്കി.വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹന്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സഹോദരന് ഷിനു മോഹന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ മറ്റാരെങ്കിലുമാണോ ഇതിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. സനുവിന്റെ എറണാകുളത്തെ ചില സുഹൃത്ത് ബന്ധങ്ങളില്‍ സംശയമുള്ളതായും ഷിനു വ്യക്തമാക്കിയിരുന്നു.
വൈഗയുടെ മരണം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സനു മോഹന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ ചിലര്‍ എത്തിയിരുന്നു.
സനുവിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ളരായിരുന്നു അത്. ഇക്കാര്യം സനുവിന്റെ ഭാര്യയാണ് തന്നോട് പറഞ്ഞത്. ഇവരെക്കുറിച്ച് അന്വേഷണം വേണമെന്നും ഷിനു വെളിപ്പെടുത്തിയിരുന്നു.