കൊച്ചി: മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് ശേഷം കാണാതായ പിതാവ് സനു മോഹനെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ പോലീസ്.
ഇയാള്‍ക്കെതിരെ കഴിഞ്ഞ രണ്ടിന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
ബാലികയുടെ മൃതദേഹം കണ്ടെത്തിയിട്ട് രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലും സനു മോഹനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കാത്തത് പോലീസിനെ കുഴയ്ക്കുകയാണ്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തമിഴ്നാട്ടിലേക്കു കടന്നതായി വിവരം ലഭിച്ചതോടെ അന്വേഷണം തമിഴ്നാട്ടിലേക്കു വ്യാപിപ്പിച്ചിരുന്നു.
ഇയാള്‍ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും വാഹനം മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്.
ഇതിനിടയില്‍ ഇയാള്‍ വാഹനം പൊളിച്ചുവിറ്റതായ സൂചനകളും പുറത്തുവന്നിരുന്നു. സ്പെഷല്‍ ടീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കുട്ടിയുടെ മരണം കൊലപാതകമാണോ എന്നത് സംബന്ധിച്ചെല്ലാം വ്യക്തത വരണമെങ്കില്‍ ഇയാള്‍ പിടിയിലാകണമെന്നാണു പോലീസ് പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുള്ള രണ്ടാമത്തെ സംഘത്തിന്റെയും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ് ഈ സംഘത്തിന്റെ അന്വേഷണം. ഇതിനിടെ സനുവിന്റെ സുഹൃത്ത് തിരുവനന്തപുരം സ്വദേശി എസ്. ഉണ്ണികൃഷ്ണനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇയാളില്‍ നിന്നും കേസിന് സഹായകരമായ വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. അടുത്ത കാലത്തൊന്നും സനു മോഹന്‍ താനുമായി ബന്ധപ്പെട്ടിട്ടില്ലായിരുന്നുവെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.