കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് എറണാകുളം കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റില്‍ സാനു മോഹനെ (40) തമിഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ കണ്ടതായി സൂചനകള്‍.
ഇതേത്തുടർന്നു പ്രത്യേക പോലീസ് സംഘം അന്വേഷണത്തിനായി തമിഴ്നാട്ടിലെത്തി. വേഷവും രൂപവും മാറാൻ സാധ്യതയുള്ളതിനാൽ ഇയാളുടെ പലവിധത്തിലുള്ള ചിത്രങ്ങൾ തയാറാക്കി വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചിട്ടുണ്ട്.
ഇയാള്‍ കാറിൽ വാളയാര്‍ ചെക്ക്പോസ്റ്റും കോയമ്പത്തൂരും കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പോലീസിനു ലഭിച്ചിരുന്നു. കാറില്‍ ഒറ്റയ്ക്കാണു യാത്ര എന്നാണ് ആദ്യസൂചനകള്‍.
കുട്ടിയുടെ മരണം കൊലപാതകമാണോ എന്നത് സംബന്ധിച്ചെല്ലാം വ്യക്തത വരണമെങ്കില്‍ ഇയാള്‍ പിടിയിലാകണമെന്നു പോലീസ് പറയുന്നു.
കഴിഞ്ഞ 21നു കുട്ടിയുടെ അമ്മയെ ആലപ്പുഴ തൃക്കുന്നപ്പുഴയിലെ വീട്ടിലാക്കിയശേഷം മടങ്ങിയ സാനുവിനെയും മകളെയും കാണാതാവുകയായിരുന്നു.
22ന് മുട്ടാർ പുഴയിൽനിന്നു വൈഗയുടെ മൃതദേഹം ലഭിച്ചു. സാനുവിന്റെ ജീവിതം ദുരൂഹത നിറഞ്ഞതാണെന്നു പോലീസ് പറയുന്നു.
വര്‍ഷങ്ങളായി ഇയാൾ കൊച്ചിയില്‍ ഫ്ളാറ്റിൽ താമസിക്കുന്ന വിവരം ഭാര്യ ഉള്‍പ്പെടെ ഏതാനും പേര്‍ക്കു മാത്രമാണ് അറിവുള്ളത്.
ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും ഇതിലൊന്നും പണം കണ്ടെത്താനായിട്ടില്ല.
തമിഴ്നാട്ടില്‍ പലയിടങ്ങളില്‍ നേരത്തെ ഇയാള്‍ ബിസിനസ് നടത്തിവരികയായിരുന്നുവെന്ന വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇവിടങ്ങളില്‍ ഏതാനും തട്ടിപ്പ് നടത്തിയശേഷമാണു കൊച്ചിയിലേക്കു മടങ്ങിയതെന്നാണു സൂചന.
തട്ടിപ്പ് സംബന്ധിച്ച് ഇയാള്‍ക്കെതിരേ കേസുകളുള്ളതായും സൂചനയുണ്ട്. ഇതു സംബന്ധിച്ചെല്ലാം അന്വേഷണം നടത്തിവരികയാണെന്നും കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നും പോലീസ് പറഞ്ഞു.