കൊച്ചി: വൈഗ കൊലക്കേസില് പിടിയിലായ പിതാവ് സനു മോഹനുമായി തമിഴ്നാട്, കര്ണാടക, ഗോവ എന്നിവിടങ്ങളില് തുടരുന്ന തെളിവെടുപ്പ് പൂര്ത്തിയാക്കി പോലീസ് ഇന്ന് അര്ധരാത്രിയോടെ കൊച്ചിയില് തിരിച്ചെത്തും.
കൊലപാതകത്തിന് ശേഷം സനു മോഹന് ഒളിവില് കഴിഞ്ഞ സ്ഥലങ്ങളില് നിന്നും പരമാവധി വിവിരങ്ങള് ശേഖരിച്ചാണ് പോലീസിന്റെ മടക്കം. ആറുദിവസങ്ങള്ക്ക് ശേഷം ഇന്ന് കൊച്ചിയിലെത്തിക്കുന്ന സനു മോഹനെ നാളെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും.
അതേസമയം സനുവിന്റെ കാർ ഇൗ കേസിൽ നിർണായക തെളിവായി മാറും. കാറിനുള്ളിലും രക്തക്കറ കണ്ടെത്തിയിരുന്നു. ശാസ്ത്രീയഫലം പുറത്തു വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട ദുരൂഹതകളും നീങ്ങുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
നേരത്തെ ഒളിവില് പോയ സമയത്ത് സനുവിന്റെ വാഹനത്തില് മാറ്റൊരാളുടെ സാന്നിധ്യ പോലീസ് സംശയിച്ചിരുന്നു.
വാളയാര് ചെക്ക് പോസ്റ്റില് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില് നിന്നായിരുന്നു പോലീസിന് ഈ സംശയം ബലപ്പെട്ടത്. എന്നാല് താന് ഒറ്റയ്ക്കായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നാണ് സനു പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.
കാറിനുള്ളില് കണ്ടെത്തിയിട്ടുള്ള രക്തക്കറ മാറ്റാരുടേയേങ്കിലുമാണോ എന്ന സംശയവും പോലീസ് തള്ളിക്കളയുന്നില്ല. തൃപ്പൂണിത്തുറ റീജണല് ഫോറന്സിക് സയന്സ് ലബോറട്ടറിയിലെ വിദഗ്ധരാണ് കഴിഞ്ഞദിവസം കാര് പരിശോധിച്ചത്.
അന്വേഷണസംഘം കൂടെ കൊണ്ടുപോയ പോലീസ് ഡ്രൈവറാണ് കഴിഞ്ഞ ദിവസം കാര് തിരികെ കൊച്ചിയിലെത്തിച്ചത്. വൈഗയെ പുതപ്പില് പൊതിഞ്ഞ് ഈ കാറിലാണ് കിടത്തിയതെന്ന് സനു ചോദ്യം ചെയ്യലില് പറഞ്ഞിരുന്നു. കോയമ്പത്തൂരില് നിന്ന് പോലീസ് കാര് പിടിച്ചെടുത്തത്.
സനുവിന്റെ ഏതാനും ചില ബന്ധുക്കളോടും സുഹൃത്തുക്കളോടും അടുത്ത ദിവസങ്ങളില് കൊച്ചിയിലെത്താന് പോലീസ് അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില് ഇവരെ ഒപ്പം നിര്ത്തിയാകും വരും ദിവസങ്ങളില് സനുവിനെ പോലീസ് ചോദ്യം ചെയ്യുക.
അതിനിടെ സനു മോഹന് ഒളിച്ച് കടക്കാന് ശ്രമിച്ച കാറിന്റെ ശാസ്ത്രീയ പരിശോധന ഫലം വൈകാതെ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു. സനുവിന്റെ മുംബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില് കാര്യമായ പുരോഗതി ഉണ്ടാക്കാന് പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൊച്ചി ഡിസിപി മുംബൈയിലെത്തിയിരുന്നു. എന്നാല് സനുവിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള കേസുകളില് ഇപ്പോഴും അവ്യക്തത തുടരുകയാണ്. മുംബൈ പോലീസും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.
വൈഗയുടെ മരണത്തിന് ശേഷം 27 ദിവസങ്ങള്ക്ക് ശേഷമാണ് സനു മോഹന് കര്ണാടകയിലെ കാര്വാറില് നിന്നും പിടിയിലായത്. തുടര്ന്ന് അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില് ഇപ്പോള് ആറ് ദിവസത്തെ തെളിവെടുപ്പാണ് പൂര്ത്തിയായിട്ടുള്ളത്.