ചെങ്ങന്നൂർ: തൊഴിൽ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത് ഒളിവിലായ ശേഷം പിന്നീട് പോലീസിൽ കീഴടങ്ങിയ മുൻ ബിജെപി പഞ്ചായത്തംഗത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, റെയിൽവേ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ ജോലി തരപ്പെടുത്തി നൽകാമെന്നു പ്രലോഭിപ്പിച്ച് നിരവധി പേരിൽ നിന്നും കോടികൾ തട്ടിയെടുത്ത മുളക്കുഴ മുൻ പഞ്ചായത്തംഗവും ഹിന്ദു ഐക്യവേദി മുൻ ജില്ലാ സെക്രട്ടറിയുമായ മുളക്കുഴ കാരയ്ക്കാട് മലയിൽ സനു എൻ. നായ ർ, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ എന്നിവർ വ്യാഴാഴ്ച ചെങ്ങന്നൂർ പോലീസിൽ കീഴടങ്ങിയിരുന്നു.
മൂന്നാമൻ ലെനിൻ മാത്യുവിനായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.അറസ്റ്റിലായ സനുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതു വരെ 12 പരാതിക്കാർ രംഗത്തെത്തിയിട്ടുണ്ട്. പരാതിക്കാരുടെ എണ്ണം ഇനിയും ഇതിലും കൂടാനാണ് സാധ്യത. 12 പരാതിക്കാരിൽ നിന്നായി 1. 85 കോടി തട്ടിയെടുത്തതായി സിഐ ജോസ് മാത്യു പറഞ്ഞു.
ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിനായി പോലീസ് സംഘം കർണാടകയിലേക്ക് യാത്ര തിരിച്ചു.
പത്തനംതിട്ട നഗരസഭയിൽ കല്ലറക്കടവ് മാമ്പറ നിതിൻ ജി. കൃഷ്ണയുടെയും സഹോദരന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ -സനു എൻ നായർ, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ, എറണാകുളം തൈക്കുടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യു എന്നിവർക്കെതിരെയാണ് കേസ്സ് രജിസ്റ്റർ ചെയ്തത്.
മുതിർന്ന ബിജെപി നേതാക്കളുടെ വിശ്വസ്തനെന്നു പറഞ്ഞാണ് സനുവും കൂട്ടരും പണം തട്ടിയത്. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്ന് പോലീസ് പറഞ്ഞു.
ബിജെപി മുളക്കുഴ പഞ്ചായത്ത് മുൻ അംഗം കൂടിയായ സനു തനിക്കുള്ള വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിയ ശേഷം വഞ്ചിച്ചതായാണ് പരാതിയിൽ പറയുന്നത്.
ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കുന്നതിനായി എഫ്സിഐ കേന്ദ്ര ബോർഡംഗമെന്ന നിലയിൽ ലെനിൻ മാത്യുവിനെ പരിചയപ്പെടുത്തി.കോർപ്പറേഷന്റെ ബോർഡോടുകൂടിയ കാറിൽ ചുറ്റി സഞ്ചരിച്ചാണ് ഉദ്യോഗാർഥികളെ സമീപിച്ചിരുന്നത്. ആറു കേസുകളാണു നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 10 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയാണ് കൈപ്പറ്റിയിരിക്കുന്നത്.
സനുവിന്റെ ആഡംബരകാർ ഒരാഴ്ച മുൻപ് പോലീസ് പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് കീഴടങ്ങിയത്. മറ്റു സ്ഥലങ്ങളിൽ പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും കൂടുതൽ പേർ സംഘത്തിലുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പോലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ടു മറ്റു സ്റ്റേഷനുകളിൽ നിലവിൽ പരാതി ലഭിച്ചിട്ടില്ല.