കൊച്ചി: ഇന്നലെ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഒാഫീസിൽ സനുമോഹനെയും ഭാര്യ രമ്യയെയും ചോദ്യം ചെയ്യാനെത്തിച്ചപ്പോൾ നാടകീയരംഗങ്ങൾ.
വൈഗയെ നഷ്ടമായശേഷം ആദ്യമായിട്ടായിരുന്നു രമ്യ ഭർത്താവിനെ നേരിട്ട് കാണുന്നത്.
കണ്ടയുടനെ എന്തിനിങ്ങനെയൊക്കെ ചെയ്തുവെന്നു ചോദിച്ചു പൊട്ടിത്തെറിച്ചു. പോലീസുകാർ ഇടപ്പെട്ടാണ് രമ്യയെ ശാന്തയാക്കിയത്.
ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ സനുവിനെ കുറ്റപ്പെടുത്തിയാണ് രമ്യ സംസാരിച്ചത് മുഴുവനും.
പിതാവും മകളും തമ്മിലുള്ള ആത്മബന്ധത്തെപ്പറ്റി പറഞ്ഞ സമയത്ത് മാത്രമാണ് അവർ ഭർത്താവിനെ പിന്തുണച്ചുള്ളൂ.
വൈഗയും സനുവും തമ്മിൽ ആരെയും അസൂയപ്പെടുത്തുന്ന സ്നേഹമായിരുന്നുവെന്ന് രമ്യ പറയുന്നു.
ആറുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിൽ പലകാര്യങ്ങളും അവർ വെളിപ്പെടുത്തി. പെട്ടെന്ന് ദേഷ്യം വരുന്ന, എടുത്തുചാട്ടമുള്ള സ്വഭാവക്കാരനായിരുന്നു സനു.
മാധ്യമങ്ങളിൽ വാർത്ത വന്നപോലെ സനുവിന് പരസ്ത്രീ ബന്ധമുള്ളതായി താൻ കരുതുന്നില്ലെന്നും രമ്യ പറഞ്ഞു.
അങ്ങനെയൊരു സൂചന പോലും ഇതുവരെ ഉണ്ടായിട്ടില്ല. തങ്ങളോടു നല്ല സ്നേഹമായിരുന്നുവെന്നും അവർ പറഞ്ഞു.
വലിയ ആർഭാടജീവിതക്കാരനായിരുന്നു ഭർത്താവ്. പണം ഒന്നിനും തികയാത്ത അവസ്ഥ. പലപ്പോഴും കടംവാങ്ങിയായിരുന്നു ജീവിതം നയിച്ചിരുന്നതെന്നും രമ്യ പറഞ്ഞു.
ചോദ്യം ചെയ്യലിൽ പലപ്പോഴും വിതുന്പിപ്പൊട്ടിയിരുന്നു അവർ. അതേസമയം ഗോവയിൽവച്ച് സനു ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതിന് തെളിവ് കിട്ടിയിട്ടുണ്ട്.
ഒരുതവണ ആത്മഹത്യയ്ക്കു ശ്രമിച്ചതിനുള്ള തെളിവാണ് പോലീസിന് ലഭിച്ചത്.