കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ(13) പിതാവ് സനു മോഹനനെ കണ്ടെത്താനുള്ള തെരച്ചിൽ തുടർന്നു പോലീസ്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആഴചകള്‍ പിന്നിട്ടിട്ടും പിതാവിനെ കണ്ടെത്താത്ത സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയേക്കുമെന്നും സൂചനകളുണ്ട്.
ഇതു സംബന്ധിച്ചു വരും ദിവസങ്ങളില്‍ തീരുമാനമാകുമെന്നാണു പുറത്തു വരുന്ന വിവരങ്ങൾ.
ചോദ്യം ചെയ്തു
അതിനിടെ, സനു മോഹന്‍ താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ചില താമസക്കാരെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതായാണു സൂചന.
പണമിടപാടുകള്‍ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. താമസക്കാരില്‍ ചിലര്‍ ആദ്യം നല്കിയ മൊഴികളിലെ വൈരുധ്യവും രണ്ടാമതും വിളിച്ചുവരുത്താന്‍ കാരണമായതായും പറയപ്പെടുന്നു.
എന്നാൽ, സംഭവത്തില്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നുമാണു പോലീസ് ഭാഷ്യം.
ഇതര സംസ്ഥാനങ്ങളിലടക്കം നടത്തുന്ന പരിശോധനകള്‍ തുടരുകയാണെന്നും ഇയാളെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പോലീസ് പറയുന്നു.
മടങ്ങിയേക്കും
അതിനിടെ, തമിഴ്നാട്ടില്‍ തമ്പടിക്കുന്ന അന്വേഷണ സംഘം നാട്ടിലേക്കു മടങ്ങിയേക്കുമെന്നും സൂചനകളുണ്ട്.
ഇയാളുടെ കാര്‍ തമിഴ്നാട്ടില്‍ എത്തിയതായ വിവരങ്ങള്‍ ലഭിച്ചതോടെയാണു പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടിലെത്തി അന്വേഷണം ആരംഭിച്ചത്.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൂടുതല്‍ വിവരങ്ങളൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണു സംഘം മടങ്ങാനൊരുങ്ങുന്നതെന്നാണു സൂചന.
ഇയാളുടെ സാമ്പത്തിക, കുടുംബ പശ്ചാത്തലങ്ങള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കുന്ന പോലീസ് വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
കഴിഞ്ഞ ദിവസം ഫോറന്‍സിക് വിദഗ്ധരും പോലീസും ഫ്ളാറ്റ് സമുച്ചയത്തില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു.
ഏതാനും നിര്‍ണായക വിവരങ്ങള്‍ പരിശോധനയില്‍ ലഭിച്ചതായാണു പുറത്തുവരുന്ന വിവരങ്ങള്‍.
ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. അതീവ രഹസ്യമായിട്ടായിരുന്നു പരിശോധന.