കൊച്ചി: മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം.
മരിച്ച നിലയിൽ കണ്ടെത്തിയ പതിമൂന്ന് വയസുകാരി വൈഗയുടെ പിതാവ് സനു മോഹനായുള്ള തെരച്ചിലാണു പോലീസ് ഊര്‍ജിതമാക്കിയത്.
പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടില്‍ തമ്പടിച്ചാണു അന്വേഷണം നടത്തുന്നത്. ഇയാളെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായാണു സൂചന.
അതേസമയം, സനുവിനു പാസ്പോര്ട്ടുള്ളതായി കണ്ടെത്തിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. തന്മൂലം ഇയാള്‍ക്കെതിരേ നിലവില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇയാള്‍ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്നതായി പോലീസ് പറയുന്നുണ്ടെങ്കിലും വാഹനം മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്.
വാഹനത്തിനുളില് സനു മോഹന്‍ തന്നെയാണോ മറ്റാരെങ്കിലും ഉണ്ടോ എന്നുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
സ്പെഷല്‍ ടീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സനു മോഹന്റെ സാമ്പത്തിക ഇടപാട്, കുടുംബ പശ്ചാത്തലം, ഇതരസംസ്ഥാന ബന്ധം എന്നിവയെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. നേരത്തെ എറണാകുളം ഗോശ്രീ പാലത്തിനു സമീപം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം സനു മോഹന്റേതാണെന്നു സംശയമുയര്‍ന്നിരുന്നു.
പരിശോധനയില്‍ മൃതദേഹം സനു മോഹന്റേതല്ലെന്നു തിരിച്ചറിഞ്ഞിരുന്നു. സനു മോഹന്റെ കാര്‍ വാളയാര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങള്‍ കടന്നുപോയതായ വിവരം പോലീസിനു ലഭിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍നിന്നുമാണ് ഇതുസംബന്ധിച്ച് വ്യക്തത ലഭിച്ചത്.
കുട്ടിയുടെ മരണം കൊലപാതകമാണോ എന്നതു സംബന്ധിച്ചെല്ലാം വ്യക്തത വരണമെങ്കില്‍ ഇയാള്‍ പിടിയിലാകണമെന്നാണു പോലീസ് പറയുന്നത്.
വൈഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും ഉടന്‍ ലഭ്യമാകുമെന്നാണു വിവരങ്ങള്‍.