കാക്കനാട്: മുട്ടാർ പുഴയിൽ വൈഗ(13) യുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പിതാവ് സനു മോഹന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.
സനു ചെന്നൈയിൽ ഒളിവിൽ കഴിയുന്ന സ്ഥലം പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന.
അറസ്റ്റ് അടക്കമുള്ള നടപടികളുടെ ഭാഗമായി കൂടുതൽ പോലീസ് സംഘം ഇന്നു ചെന്നൈയിലേക്ക് തിരിക്കും.
കഴിഞ്ഞ മാസം 21നാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയത്.
അന്നു മുതൽ സനു മോഹനെയും അയാൾ ഉപയോഗിച്ച കാറും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു പോലീസ്.
സംഭവം നടന്നിട്ട് 18 ദിവസം കഴിഞ്ഞിട്ടും ഒരു തുമ്പും കണ്ടെത്താൻ കഴിയാത്തതാണ് പോലീസിനെ കുഴയ്ക്കുന്ന പ്രശ്നം.
വൈഗ മുങ്ങി മരിക്കാൻ ഇടയായ സംഭവത്തിലും പോലീസിനു ബലമായ സംശയം നിലനിൽക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സനുവിന്റെയും ഭാര്യയുടെയും ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് കോയമ്പത്തൂരിലും ചെന്നൈയിലുമുള്ള ചില സുഹൃത്തുക്കളെ സാനു വിളിച്ചതായി കണ്ടെത്തി.
കോയമ്പത്തൂരിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി എസ്. ഉണ്ണിക്കൃഷ്ണനെ കഴിഞ്ഞ ദിവസം പോലീസ് കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
സാനുവിന്റെ ചെന്നൈയിലെ ചില സുഹൃത്തുക്കളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
കഴിഞ്ഞ രണ്ടാഴ്ചയായി എസ്ഐയുടെ നേതൃത്വത്തിൽ ഒരു ടീം ചെന്നെയിൽ തങ്ങുന്നുണ്ട്. ഇന്നു കൂടുതൽ പോലീസ് ചെന്നൈയിലെത്തുന്നതോടെ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.
ബാങ്കുകളുടെ മറുപടി ഇന്നു ലഭിച്ചേക്കും
2016ൽ ഭാര്യ രമ്യയുടെ പേരിൽ വാങ്ങിയ കങ്ങരപ്പടി ഹാർമണി ബീറ്റാ ഗ്രീൻ 6 എ ഫ്ളാറ്റ് സനു മോഹൻ പണയം വച്ചതിനെക്കുറിച്ച് പ്രമുഖ ബാങ്കുകളിൽ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
12 സ്വകാര്യ ബാങ്കുകൾക്ക് പോലീസ് നോട്ടീസ് കൊടുത്തിട്ടുണ്ട്. മറുപടി ഇന്നു വൈകിട്ടോടെ ലഭിക്കുമെന്നാണ് സൂചന.