കൊച്ചി: മുട്ടാര് പുഴയില് കണ്ടെത്തിയ വൈഗയുടെ (13) മരണത്തില് ഇനിയും ദുരൂഹത ബാക്കി. നിരവധി ചോദ്യങ്ങള്ക്കാണ് ഉത്തരം കിട്ടേണ്ടതുള്ളത്.
വൈഗയെ കൊലപ്പെടുത്തിയത് താനാണെന്ന് സനു മോഹന് സമ്മതിച്ചുവെങ്കിലും കൊല്ലാന് ഫ്ളാറ്റില് കൂടെ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യത്തില് ഇപ്പോഴും അവ്യക്തതയാണ്.
ഫ്ളാറ്റിലെത്തിയ ആ രണ്ടുപേർ?
സനു മോഹന് സ്ഥലത്തില്ലാത്തപ്പോള് രണ്ടുപേര് കങ്ങരപ്പടിയിലെ ഫ്ളാറ്റില് അന്വേഷിച്ചു വന്നതായി സെക്യൂരിറ്റി ജീവനക്കാരന് മൊഴി നല്കിയിട്ടുണ്ട്. ഇവര് ആരാണെന്ന് വ്യക്തമല്ല. മകളെ കൊലപ്പെടുത്തിയത് സനുവാണെങ്കില് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തില് പോലീസിന് ഉത്തരം ലഭിക്കേണ്ടതുണ്ട്.
ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടോ?
വൈഗയെ പുഴയില് എറിഞ്ഞ ശേഷം ഭയം മൂലം ആത്മഹത്യ ചെയ്തില്ലെന്നാണ് സനു മോഹന് മൊഴി നല്കിയിരിക്കുന്നത്. ഇത് വിശ്വസിക്കാന് പോലീസ് തയാറായിട്ടില്ല. വൈഗയെ കൊലപ്പെടുത്തിയതിന് ശേഷം നാടു വിട്ട് പലയിടങ്ങളിലായി കറങ്ങി നടന്നത് എന്തിനാണെന്നും വ്യക്തമാകണം.
സനു മോഹന് മറ്റാരെയെങ്കിലും രക്ഷിക്കാന് ശ്രമിക്കുന്നുണ്ടോ, ആദ്യം പോലീസിനെ വഴി തെറ്റിക്കാന് തന്റെ കാര് വാളയാര് ചെക്പോസ്റ്റ് വഴി കടത്തുകയും പിന്നീട് ദിവസങ്ങള്ക്ക് ശേഷം കര്ണാടകയില് ബോധപൂര്വം പിടിയിലാകാനുള്ള ശ്രമം നടത്തുകയുമായിരുന്നോ ഇയാള് എന്ന കാര്യത്തിലും ഉത്തരം ലഭിക്കേണ്ടതുണ്ട്.
19 ദിവസം എവിടെയായിരുന്നു?
ഏപ്രില് 10 മുതല് 16 വരെ കൊല്ലൂരിലെ ബീന റസിഡന്സിയില് സനു മോഹന് തങ്ങിയെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. അങ്ങിനെയെങ്കില് അതിനു മുമ്പുള്ള 19 ദിവസം സനു എവിയെയായിരുന്നു. എവിടെയെല്ലാം സനു ഒളിവില് താമസിച്ചിട്ടുണ്ട് എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.
ഹോട്ടലുകളിലെവിടെയെങ്കിലും തങ്ങിയിട്ടുണ്ടെങ്കില് ലുക്ക്ഔട്ട് നോട്ടീസ് കൂടി പുറപ്പെടുവിപ്പിച്ച സാഹചര്യത്തില് ഇയാളെ പോലീസ് കണ്ടെത്തേണ്ടതായിരുന്നു. ഒളിവില് താമസിക്കാന് സനുവിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.