കൊച്ചി: വൈഗ കൊലക്കേസില്‍ പ്രതി സനു മോഹനെ മുംബൈ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മഹാരാഷ്ട്രയിലെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി.
സനു മോഹനായി തിങ്കളാഴ്ച, ട്രാന്‍സിറ്റ് വാറണ്ട് അപേക്ഷ കോടതിയില്‍ നല്‍കിയിരുന്നു. ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായാണ് സനു മോഹനെ ഇന്നു രാവിലെ പോലീസ് മുംബൈയിലേക്ക് കൊണ്ടു പോയത്.
മുംബൈയില്‍നിന്ന് നാലു പേരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ കൊണ്ടുപോകാന്‍ കൊച്ചിയിലെത്തിയിരുന്നത്.
2017-ലാണ് മഹാരാഷ്ട്ര പോലീസ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2016-ലായിരുന്നു സംഭവം.
പുണെയില്‍ ലെയ്ത്ത്, ഇരുമ്പ് ബിസിനസ് നടത്തുന്നതിനിടെ പ്രദേശത്തെ ചിട്ടിക്കമ്പനിയില്‍നിന്ന് ലക്ഷക്കണക്കിനു രൂപയുടെ ചിട്ടി വിളിച്ചെടുക്കുകയും പിന്നീട് പണം നല്‍കാതെ കബളിപ്പിക്കുകയും ചെയ്തെന്നായിരുന്നു കേസ്. വേറെ പലരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു.
അവര്‍ക്കും പണം തിരികെ നല്‍കിയിട്ടില്ല. ഇതെല്ലാം പല കേസുകളായി മഹാരാഷ്ട്രയില്‍ പല കോടതികളിലും നിലനില്‍ക്കുന്നുണ്ട് .
ഈ കേസുകളിലെ ചോദ്യംചെയ്യലും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയശേഷം സനു മോഹനെ കൊച്ചിയില്‍ തിരികെയെത്തിക്കും
മഹാരാഷ്ട്രയിലെ കേസില്‍ യാതൊരു തുമ്പും കിട്ടാതെ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് വൈഗ കേസുമായി ബന്ധപ്പെട്ടുകൊണ്ട് കേരള പോലീസ് അവിടെയെത്തുന്നത്.
ഇരു പോലീസ് സംഘവും ഒരുമിച്ച് നടത്തിയ അന്വേഷണത്തിലാണ് പിന്നീട് സനു മോഹനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വരുന്നത്. മഹാരാഷ്ട്ര പോലീസ് കുറെ നാളുകളായി ഇയാളെ അന്വേഷിച്ച് വരികയായിരുന്നു.
പിന്നീട് സനു മോഹനെ കര്‍ണാടകയില്‍നിന്ന് അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ മുംബൈ പോലീസും ഇയാളെ ആവശ്യപ്പെട്ട് കേരള പോലീസിനെ സമീപിച്ചിരുന്നു.
വൈഗ കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും തെളിവെടുപ്പും പൂര്‍ത്തിയായ ശേഷമാണ് ഇപ്പോള്‍ മുംബൈ പോലീസിന് സനു മോഹനെ കൈമാറിയിരിക്കുന്നത്.
അതിനിടെ വൈഗ കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ഫോറന്‍സിക് പരിശോധനയുടെ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തു വിട്ടിട്ടില്ല.
അതുപോലെ സനു മോഹന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങളും പോലീസ് രഹസ്യമായി സൂക്ഷിക്കുകയാണ്.