കൊച്ചി: പതിമൂന്നുകാരി വൈഗയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പിതാവ് സനു മോഹൻ പിടിയിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും ദുരൂഹതകളും സംശയങ്ങളും നീങ്ങുന്നില്ല.
കൊലപാതകത്തെക്കുറിച്ച് ആര്‍ക്കെല്ലാമോ മുന്‍കൂട്ടി അറിയാമായിരുന്നെന്ന സംശയം പോലീസിനുണ്ട്.
ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നു സനു പറയുന്പോഴും കൊല നടത്താൻ മറ്റൊരാളുടെ സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് സംശയിക്കുന്നു.
ഏറെ സ്നേഹിച്ചിരുന്നുവെന്നു പറയുന്ന മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സനു മോഹന്‍ അത്യന്തം ദുരൂഹത നിറഞ്ഞ മനുഷ്യനാണെന്നാണു പോലീസിന്റെ വിലയിരുത്തൽ.
ഒരു കുറ്റബോധവുമില്ലാതെയാണ് ഇയാൾ തെളിവെടുപ്പിനു പോലീസിനൊപ്പം പോകുന്നത്.
കൊല നടത്തിയത് എങ്ങനെയെന്നടക്കം ചെയ്തതെല്ലാം വളരെ ലാഘവത്തോടെ കാണിച്ചുകൊടുക്കുന്നു. ഒരിക്കൽപോലും കണ്ണു നനഞ്ഞില്ല.
കോടികളുടെ സാമ്പത്തികബാധ്യതയുള്ളതിനാൽ ഭാര്യക്കും മകൾക്കുമൊപ്പം കൂട്ട ആത്മഹത്യ ചെയ്യാനായിരുന്നു ആദ്യ തീരുമാനമെന്നാണു സനു പറയുന്നത്.
ഭാര്യ വിസമ്മതിച്ചതിനാൽ അതു നടന്നില്ല. താൻ മരിച്ചാൽ മകൾ അനാഥയാകുമെന്നതിനാൽ മകളെ കൊന്നു ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നെന്നും സനു പറയുന്നു.
എന്നാൽ മകളെ കൊലപ്പെടുത്തിയ സനു ജീവനൊടുക്കിയില്ലെന്നു മാത്രമല്ല, രക്ഷപ്പെടാൻ ആവതു ശ്രമിക്കുകയും ചെയ്തു.
കൊലയ്ക്കു മുന്‍പും അതിനുശേഷവും തെളിവുകൾ നശിപ്പിക്കാനും പോലീസ് പിടിയിലാകാതിരിക്കാനും പ്രതി നടത്തിയ ആസൂത്രിത നീക്കങ്ങൾ ബ്രില്യന്റായ ക്രിമിനലിന്റേതാണെന്നാണു പോലീസ് വിലയിരുത്തൽ.
ഇയാളെ അടുത്തറിയാവുന്ന ഒരേ ഒരാള്‍ ഭാര്യ രമ്യ മാത്രമാണ്. ഇവരെ ഇതുവരെ വിശദമായി ചോദ്യം ചെയ്തിട്ടില്ല.
മകളെ ഭർത്താവ് കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലും ദുഃഖത്തിലും കഴിയുന്ന ഇവരെ ചോദ്യം ചെയ്യാന്‍ പോലീസിനു തടസങ്ങളുമുണ്ട്. രമ്യയിപ്പോള് ബന്ധുക്കള്‍ക്കൊപ്പം ആലപ്പുഴയിലാണ്.
വൈഗയുടെ മരണശേഷം രണ്ടുതവണ രമ്യയെ പോലീസ് വിളിപ്പിച്ചിരുന്നു.
സനുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാനായിരുന്നു ഇതെന്നും ആദ്യം വിളിച്ച സമയത്തു സംസാരിക്കാനുള്ള സ്ഥിതിയിലായിരുന്നില്ല രമ്യയെന്നും ബന്ധുക്കള്‍ പറയുന്നു. മാധ്യമങ്ങളോടു രമ്യക്ക് ഇപ്പോള്‍ ഒന്നും പ്രതികരിക്കാനില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
തെളിവെടുപ്പിനുശേഷം മാത്രമേ രമ്യയെ ചോദ്യം ചെയ്യൂ. രമ്യ പോലീസിനു നല്കുന്ന മൊഴി കേസന്വേഷണത്തിൽ നിര്‍ണായകമാകും.
കൊലയ്ക്കുശേഷം പോയ സ്ഥലങ്ങളിൽ സനു മോഹനെ എത്തിച്ചുള്ള തെളിവെടുപ്പ് തുടരുകയാണ്. പത്തു ദിവസത്തേക്കാണു പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
സനു മോഹനെ തമിഴ്നാട്ടിലെത്തിച്ചു
കൊച്ചി: വൈഗ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതാവ് സനു മോഹനെ തമിഴ്നാട്ടിലെത്തിച്ചു പോലീസ് തെളിവെടുപ്പ് തുടരുന്നു.
വൈഗയുടെ മൃതദേഹം മുട്ടാര്‍പുഴയില്‍ കണ്ടെത്തിയതിനുശേഷം സനു മോഹന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കോയമ്പത്തൂര്‍ അടക്കമുള്ള ഇടങ്ങളിലാണ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നത്.
വാളയാര്‍ ചെക്ക്പോസ്റ്റ് വഴി കോയമ്പത്തൂരിലെത്തിയ സനു മോഹന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും ഒളിച്ചുകടക്കാന്‍ ഉപയോഗിച്ച കാർ വില്പന നടത്തിയ സ്ഥലത്തും അന്വേഷണസംഘം സനുമോഹനുമായെത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
ഇവിടെ സനു നടത്തിയ സാമ്പത്തിക ഇടപാടുകളെപ്പറ്റിയും സംഘം വിവരങ്ങള്‍ ശേഖരിക്കും. കോയമ്പത്തൂരില്‍നിന്നു കൊല്ലൂരിലേക്കു സനുവിനു യാത്രയ്ക്കായി ആരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
സനു അറസ്റ്റിലായശേഷവും മൂന്ന് അന്വേഷണ സംഘങ്ങള്‍ ഇപ്പോഴും തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി തങ്ങുന്നുണ്ട്.
സനു മോഹനെ ഇതുവരെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ഇവരെ കൊച്ചിയിൽനിന്ന് അറിയിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ സ്ഥിരീകരിക്കുകയാണ് അവരുടെ ചുമതല.
സനുവിനു മുംബൈയിലുണ്ടായിരുന്ന ബിസിനസിനെക്കുറിച്ചും അവിടത്തെ സാമ്പത്തിക തട്ടിപ്പ് കേസുകളെക്കുറിച്ചും അന്വേഷിക്കുകയാണ് മഹാരാഷ്ട്രയിലുള്ള സംഘത്തിന്റെ ദൗത്യം.
സനുവിന്റെ മുംബൈ ബന്ധങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. കൊച്ചി സിറ്റി ഡിസിപി ഐശ്വര്യ ഡോങ്റെയാണ് അവിടെ അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.