കണ്ണൂര്‍: യുവനടി സനുഷ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരേ സൈബര്‍ സെല്ലില്‍ പരാതി നല്‍കും. സനുഷയുടെ പിതാവ് സന്തോഷ് ഇന്നു കണ്ണൂര്‍ സൈബര്‍ സെല്ലിനാണ് പരാതി നല്‍കുന്നത്. സനുഷയും കുടുംബവും കഴിഞ്ഞ 29ന് കൊല്ലൂര്‍ മൂകാംബികയില്‍ പോയിരുന്നു. തിരികെവരുന്ന വഴിയാണ് അപകടവാര്‍ത്ത കേട്ടത്. കേട്ടപ്പോള്‍ തമാശയായി തോന്നിയെന്ന് സനുഷ പറഞ്ഞു.
കഴിഞ്ഞദിവസം മുതലാണ് സനുഷ വാഹനാപകടത്തില്‍ മരിച്ചുവെന്ന വ്യാജസന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതോടൊപ്പം അപകടത്തില്‍പ്പെട്ട വാഹനമെന്ന അടിക്കുറിപ്പോടെ ഒരു ചിത്രവും പ്രചരിച്ചിരുന്നു. സന്ദേശം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ സനുഷയേയും പിതാവിനെയും ബന്ധുക്കളെയും നിരവധിപേര്‍ ബന്ധപ്പെട്ട് നിജസ്ഥിതി ആരാഞ്ഞപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് വ്യക്തമായത്.