കോട്ടയം: മാവേലി എക്സപ്രസിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുവാൻ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നു നടി സനുഷ. സംഭവത്തെക്കുറിച്ചു രാഷ്ട്രദീപികയോടു പ്രതികരിക്കുകയായിരുന്നു താരം. ഇനി ഒരു പെൺകുട്ടിയോടും അയാൾക്ക് ഇങ്ങനെ പെരുമാറാൻ ധൈര്യം ഉണ്ടാവരുത്. പെൺകുട്ടികൾ ഇത്തരം സംഭവം ഉണ്ടാകുന്പോൾ പ്രതികരിക്കും എന്ന് എല്ലാവരും അറിയണം. അവിടെ ഞാനൊരു സെലിബ്രിറ്റിയായല്ല ഒരു പെൺകുട്ടിയായി മാത്രമാണ് നിന്നത്.
അറിഞ്ഞുകൊണ്ടു തന്നെയാണ് അയാൾ എന്നെ അപമാനിക്കാൻ ശ്രമിച്ചത്. കാരണം ഞാൻ ബഹളം വച്ച് ട്രെയിനിനുള്ളിലെ ലൈറ്റ് ഒാൺ ചെയ്യുന്നതു വരെ അയാൾ എന്നോടു സോറി, പ്രശ്നമാക്കരുത്, പ്ലീസ് എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ തെറ്റാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് അയാൾ അതു ചെയ്തത്. ട്രെയിനിൽ ഒരുപാടു പേർ ഉണ്ടായിട്ടും ഈ സംഭവം നടന്നിട്ട് ആരും പ്രതികരിച്ചില്ല എന്നത് എന്നെ ഏറെ വിഷമിപ്പിച്ചു. ഒടുവിൽ എന്റെ ബഹളം കേട്ടെത്തിയ കോഴിക്കോട് സ്വദേശിയായ രഞ്ജിത്ത് എന്നയാളും തിരക്കഥാകൃത്ത് ഉണ്ണി.ആറും മാത്രമാണ് പ്രതികരിക്കാൻ തയാറായത്.
പോലീസിന്റെ ഭാഗത്തു നിന്നു നല്ല സഹകരണമാണു ലഭിച്ചത്. നടിയുടെ പരാതിയിൽ തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തത്. സ്വർണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ റെയിൽവേ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം. എസി എ വണ് കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന സനുഷയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിക്ക് ശേഷം ഷൊർണുരിനും തൃശൂരിനും ഇടയിലാണ് സംഭവം. നടി വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ തൃശൂരിലെത്തിയപ്പോൾ, റെയിൽവേ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും
തൃശൂർ: യുവനടി സനുഷയെ ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിയെക്കുറിച്ച് റെയിൽവേ പോലീസ് കൂടുതൽ അന്വേഷണം നടത്തും. കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെക്കുറിച്ചാണ് പോലീസ് കൂടുതലായി അന്വേഷിക്കുന്നത്. ഇയാൾ നേരത്തെ ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും ഇയാളുടെ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷണം നടത്തും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രമേഹരോഗബാധിതനായ തനിക്ക് അസുഖം കൂടിയപ്പോൾ നടിയുടെ ദേഹത്ത് അറിയാതെ കൈ തട്ടിയതാണെന്ന ഇയാളുടെ വാദം കോടതി തള്ളിയിരുന്നു. തിരൂരിൽ നിന്നു ജനറൽ കംപാർട്ടുമെന്റിൽ കയറിയ ഇയാൾ ടിക്കറ്റ് തരപ്പെടുത്തി എസി കോച്ചിൽ കയറിയതെങ്ങിനെയെന്നതും അന്വേഷിക്കുന്നുണ്ട്.ഉറങ്ങിക്കിടക്കുകയായിരുന്ന യുവനടിയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ നടി എഴുനേറ്റ് ഇയാളെ പിടികൂടുകയും ബഹളം വെച്ച് മറ്റു യാത്രക്കാരെ വിവരമറിയിക്കുകയുമായിരുന്നു.
എന്നാൽ കംപാർട്ടുമെന്റിൽ ഉണ്ടായിരുന്ന സഹയാത്രികർ സഹായിക്കാൻ തയാറായില്ലെന്നും തൊട്ടപ്പുറത്തുണ്ടായിരുന്ന കഥാകൃത്ത് ആർ.ഉണ്ണിയും രഞ്ജിത്ത് എന്ന യാത്രക്കാരനുമാണ് സഹായത്തിനെത്തിയതെന്നും സനുഷ പറഞ്ഞു. ടിടിആർ വരും വരെ സനുഷ തന്നെയാണ് പ്രതിയെ തടഞ്ഞുനിർത്തിയത്.മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം.
സെക്കന്റ് ക്ലാസ് എസി ബോഗിയിൽ മുകളിലെ ബർത്തിൽ കിടക്കുകയായിരുന്ന നടിയെ എതിർ ബർത്തിലായിരുന്ന പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കേസ്.തൃശൂർ റെയിൽവേ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തത്.കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു നടി. ഷൊർണൂർ സ്റ്റേഷൻ കഴിഞ്ഞ് തൃശൂരിലെത്തും മുന്പായിരുന്ന സംഭവം.