ട്രെയിനില്‍ യാത്ര ചെയ്യവേ അതിക്രമത്തിന് ഇരയായതിനെക്കുറിച്ച് പരസ്യ പ്രതികരണവുമായി നടി സനുഷ രംഗത്ത്. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ആന്റോ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് സനുഷ പറഞ്ഞു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്.
സംഭവത്തെക്കുറിച്ച് സനുഷ വിവരിക്കുന്നത് ഇങ്ങനെ- എസി കംപാര്‍ട്ട്മെന്റിലായിരുന്നു ഞാന്‍ യാത്ര ചെയ്തിരുന്നത്. ഞാന്‍ ഉറങ്ങിയപ്പോള്‍ അപ്പുറത്തെ സൈഡില്‍ ബെര്ത്തിലുണ്ടായിരുന്നു ഒരാള്‍. ഇടയ്ക്ക് എന്റെ ചുണ്ടിലെന്തോ ഉരസുന്നത് ശ്രദ്ധിച്ചാണ് ഞാന്‍ ഉണര്‍ന്നത്. സംഭവം മറ്റു യാത്രക്കാരോട് പറഞ്ഞിട്ടും ആരും പ്രതികരിച്ചില്ല. പലരും കണ്ടും കേട്ടും നില്ക്കുക മാത്രമാണ് ചെയ്തത്. തിരക്കഥാകൃത്ത് ഉണ്ണി ആര്, മറ്റൊരു യാത്രക്കാരനു മാത്രമാണ് എന്റെ സഹായത്തിന് എത്തിയത്.
കൊച്ചിയില്‍ നടിക്ക് ആക്രമണം ഉണ്ടായ ശേഷവും ഇത്തരത്തില്‍ സംഭവങ്ങള്‍ നടക്കുന്നത് തീര്‍ത്തും നിരാശകജനകമാണ്. ഫേസ്ബുക്കില്‍ മാത്രം പ്രതികരിക്കുന്നവര്‍ മാത്രമായി നമ്മള് ഒതുങ്ങിപ്പോയി. ഞാനായതു കൊണ്ട് മാത്രമാണ് ആ നിമിഷത്തെ അതിജീവിച്ചത്. മറ്റു ആരെങ്കിലുമായിരുന്നെങ്കില്‍ എന്തു ചെയ്തേനെ. പോലീസില്‍ പരാതി നല്‍കണമെന്നത് എന്റെ തീരുമാനമായിരുന്നു.
അനുവാദമില്ലാതെ ദേഹത്ത് തൊടുന്നവരെയോ അരുതാതെ നോക്കുന്നവരെയും നേരിടണമെന്നാണ് എന്റെ വീട്ടുകാര്‍ എന്നെ പഠിപ്പിച്ചത്. എന്തായാലും നിയമനടപടിയുമായി മുന്നോട്ടുപോകും. കുടുംബം പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. ഞാന്‍ ഇത് പരസ്യമായി പ്രതികരിക്കാന്‍ തീരുമാനിച്ചത് നാളെ ഇതുകണ്ടിട്ട് അഞ്ച് പെണ്‍കുട്ടികളെങ്കിലും പ്രതികരിക്കട്ടെ എന്നു കരുതിയാണ്.