കൊച്ചി: പതിമൂന്നുകാരിയായ മകൾ വൈഗയെ പിതാവ് സനുമോഹന് കൊലപ്പെടുത്തിയതും ഒളിവില് പോയതും ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയാണെന്നു പോലീസ്.
കൊലയ്ക്കുശേഷം മുങ്ങിയ സനു, ഫോണും സിം കാര്ഡും ഉപയോഗിക്കാതെ എല്ലാ പഴുതുകളും അടച്ചിരുന്നു. സംഭവം നടന്ന മാര്ച്ച് 21നും സമീപദിവസങ്ങളിലും ഒളിവിൽ കഴിയുന്പോഴും മൊബൈല് ഉപയോഗിച്ചില്ല.
എന്നാല് പിടിയിലായപ്പോള് ഇയാളുടെ പക്കല് ഒരു ഫോണുണ്ടായിരുന്നു. അതു മറ്റാര്ക്കും അറിയാത്ത നമ്പറായിരുന്നു.
മകളെ കൊന്നശേഷം മരിക്കാന് തീരുമാനിക്കുകയും പലതവണ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത ഒരാള് എന്തിനാണ് ഫോണ് കൈയില് വച്ചതെന്നതടക്കം ദുരൂഹമാണ്.
കൊലപാതകം നടന്നതിനു തലേദിവസമായ മാർച്ച് 21ന് അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽനിന്നു മകളെയും കൊണ്ടുപോകുന്നതു അമ്മാവന്റെ വീട്ടിലേക്കെന്നു പറഞ്ഞാണ്.
എന്നാല് അവിടെ എത്തിയില്ല. ഇതേദിവസംതന്നെ 22നു വന്നാല് സാമ്പത്തിക ഇടപാടുകള് തീര്ക്കാമെന്നു പലരോടും സനു മോഹൻ വിളിച്ചുപറഞ്ഞിരുന്നു.
എല്ലാ ഡിജിറ്റല് തെളിവുകളും ഇല്ലാതാക്കിയായിരുന്നു ഇയാളുടെ നീക്കങ്ങള്. അന്വേഷണത്തെ ഇതു കൂടുതല് ദുഷ്കരമാക്കുകയുംചെയ്തു. മുംബൈയില് ഇയാള്ക്കെതിരേ മൂന്നു കോടി രൂപയുടെ വഞ്ചനാകേസ് നിലവിലുണ്ട്.
കേരളത്തില് സനു മോഹനെതിരേ വേറെ കേസുകളില്ല. പോലീസ് പിടിയിലാകുമ്പോള് ഇയാളുടെ പക്കല് പണമൊന്നുമുണ്ടായിരുന്നില്ല. പോക്കറ്റടിച്ചു പോയെന്നാണു മൊഴി.
അടിമുടി മാന്യൻ
നാട്ടുകാര്ക്കും വീട്ടുകാര്ക്കുമെല്ലാം സനു മോഹന് അടിമുടി മാന്യനാണ്. ലവലേശം സംശയത്തിന് ഇടകൊടുക്കാതെയാണ് സനു എല്ലാവരോടും പെരുമാറിയിരുന്നത്.
ആരോടും ഒന്നും പറയാതെ എല്ലാം മറയ്ക്കുന്ന സ്വഭാവമായിരുന്നു. പോലീസ് ഭാഷയില് ബ്രില്യന്റ് ക്രിമിനല്. രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടയ്ക്കുകയും അതോടൊപ്പം ദുരൂഹത സൃഷ്ടിക്കുകയും ചെയ്യുന്ന കുറ്റവാളി.
സ്വന്തം കുടുംബവുമായി ബന്ധപ്പെടാന് ഒരു താത്പര്യവും പണ്ടു സാനു കാണിച്ചിരുന്നില്ല. എന്നാല് കഴിഞ്ഞ ആറു മാസമായി ആഘോഷങ്ങള്ക്കും ചടങ്ങുകള്ക്കും ഭാര്യയെയും മകളെയും കൂട്ടി ബന്ധുവീടുകളിലെത്തിയിരുന്നു.
ഇതിനിടെയാണ് ഭാര്യയുമായും മകള് വൈഗയുമായുളള സനുവിന്റെ അടുപ്പം കുറഞ്ഞത്. ഭര്ത്താവ് തങ്ങളോട് അകലം പാലിച്ചിരുന്നുവെന്നു ഭാര്യ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
സംഭവദിവസം ഭാര്യയെ അമ്പലപ്പുഴയിലെ ബന്ധു വീട്ടിലാക്കിയശേഷം മറ്റൊരു ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു സനു മോഹന് മകളെ മാത്രം ഒപ്പം കൂട്ടി കാക്കനാട്ടെ ഫ്ളാറ്റിലേക്കു വരികയായിരുന്നു.
ഫ്ളാറ്റിൽവച്ചു ശ്വാസം മുട്ടിച്ചു മകളെ കൊലപ്പെടുത്തിയെന്നു സനു മോഹൻ പറയുന്പോൾ മുങ്ങി മരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പുഴയിൽ തള്ളുന്പോൾ വൈഗയ്ക്കു ജീവനുണ്ടായിരുന്നു.
പുഴയിൽ ഉപേക്ഷിക്കുമ്പോൾ മകൾ മരിച്ചിരുന്നില്ലെന്ന വിവരം ബംഗളൂരുവിൽ വച്ചാണ് അറിഞ്ഞതെന്നാണ് സനുവിന്റെ മൊഴി.
ഫ്ളാറ്റിൽ ഒളിജീവിതം
അഞ്ചു വര്ഷമായി കാക്കനാട്ടെ ഫ്ളാറ്റില് ഏറെക്കുറെ ഒളിച്ചു താമസിക്കുകയായിരുന്നു സനു മോഹനെന്നാണു ബന്ധുക്കളും മറ്റും പറയുന്നത്. ആരെയാണു സനു മോഹന് ഭയന്നിരുന്നത്?
വൈഗയെ കൊന്നതു സനുമോഹന് തന്നെയാണെന്നു പോലീസ് ഉറപ്പിക്കുമ്പോഴും ഇതിനു പിന്നിലുള്ള കാരണങ്ങൾ അവ്യക്തം.
സനു മോഹൻ മനസ് തുറന്നാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പുറത്തു വരൂ. പുനെ, ചെന്നൈ, കോയമ്പത്തൂര് എന്നിവിടങ്ങളില് ഇയാൾക്കു സാമ്പത്തിക ഇടപാടുകളുണ്ടെന്നാണു വിവരം.
എന്നാൽ ബിസിനസ് എന്തായിരുന്നുവെന്നും ആരൊക്കെയാണു പങ്കാളികളെന്നും ഭാര്യയ്ക്കുപോലും അറിയില്ല.
ഏപ്രില് 10 മുതല് 16 വരെ കൊല്ലൂരിലെ ബീന റസിഡന്സിയില് സനു മോഹന് തങ്ങിയെന്ന വിവരം മാത്രമാണ് ഇപ്പോള് ലഭിക്കുന്നത്. അങ്ങനെയെങ്കില് അതിനു മുമ്പുള്ള 19 ദിവസം സനു എവിടെയായിരുന്നു.
ബംഗളൂരു, കോയന്പത്തൂർ, ഗോവ എന്നിവിടങ്ങളിൽ പോയിരുന്നെന്നു പറയുന്നുണ്ടെങ്കിലും എവിടെ താമസിച്ചെന്നു വ്യക്തമല്ല.
ഇത്ര ദിവസം ഹോട്ടലുകളിലായിരുന്നു തങ്ങിയതെങ്കില് ഇതിനകം കണ്ടെത്തേണ്ടതായിരുന്നു. ആരോ ഒളിച്ചുതാമസിക്കാന് സഹായിച്ചിട്ടുണ്ടെന്നു സംശയിക്കണം.
കൊല്ലൂരില് താമസിക്കവേ സനു മോഹന് കൂടിക്കാഴ്ച നടത്തിയ സംഘം ആരാണെന്നതിനും ഉത്തരം ലഭിക്കേണ്ടതുണ്ട്.
കോയമ്പത്തൂരിലെ സുഗുണപുരത്ത് സനുവിന്റെ കാര് കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള് ലഭിച്ചിട്ടുണ്ട്. പക്ഷേ അതില് സനു ഉണ്ടായിരുന്നുവെന്നു വ്യക്തമല്ല.
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര് ശ്രീകുമാറിന്റെ നേതൃത്വത്തില് എട്ടു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ഫീല്ഡില് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അന്വേഷണ മികവും പ്രതിയെ പിടികൂടാന് സഹായിച്ചു.
മാറാതെ രക്തക്കറയിലെ ദുരൂഹത
കൊച്ചി: സനു മോഹന്റെ കങ്ങരപ്പടിയിലെ ഫ്ളാറ്റില് കണ്ട രക്തക്കറ സംബന്ധിച്ചും വൈഗയുടെ വയറ്റില് മദ്യം കണ്ടെത്തിയതിനെക്കുറിച്ചും ദുരൂഹത തുടരുന്നു.
വൈഗയുടെ ദുരൂഹ മരണത്തില് മറ്റാര്ക്കും പങ്കില്ലെന്നു പോലീസ് ആവര്ത്തിക്കുമ്പോഴും ഫ്ളാറ്റില്നിന്നു കണ്ടെത്തിയ രക്തക്കറ അന്വേഷണസംഘത്തെ വലയ്ക്കുകയാണ്.
മകളെ ദേഹത്തോടു ചേര്ത്തു ഞെരിച്ചു കൊലപ്പെടുത്തിയപ്പോള് മൂക്കില്നിന്നു രക്തം വന്നെന്നും പുതപ്പുപയോഗിച്ചു രക്തം തുടച്ചുക്കളഞ്ഞെന്നുമാണു സനുവിന്റെ മൊഴി.
പുതപ്പിലെ രക്തം വാഷ് ബേസില് കഴുകികളഞ്ഞെന്നും പറയുന്നു. എന്നാൽ ഈ പുതപ്പ് കണ്ടെടുക്കാനായിട്ടില്ല.
ഫ്ളാറ്റിലെ മറ്റൊരിടത്ത് കുറച്ചു രക്തം വീണത് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് വൈഗയുടേതല്ലെന്നാണു സ്ഥിരീകരണം.
ഈ രക്തം ആരുടേതെന്ന ചോദ്യവും പോലീസിന് വെല്ലുവിളി ഉയർത്തുന്നു. രക്തം ആരുടേതെന്നു കണ്ടെത്താന് ഫോറന്സിക് പരിശോധന നടത്താനാണ് തീരുമാനം.
വൈഗയുടെ വയറ്റില് മദ്യം എങ്ങനെ എത്തിയെന്ന കാര്യത്തിലും പോലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്. മകള്ക്ക് മദ്യം നല്കിയിട്ടില്ലെന്നാണ് സാനു ആവര്ത്തിച്ചു പറയുന്നത്.
ഫ്ളാറ്റില് നടത്തിയ പരിശോധനയില് മദ്യക്കുപ്പികളൊന്നും ലഭിച്ചിരുന്നില്ല. സാനു പരസ്പരവിരുദ്ധമായി മൊഴി നല്കുന്നതിനാല് കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യംചെയ്യലിനുശേഷമേ ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ.
മൊഴികള് മാറ്റിമാറ്റി സനു
കൊച്ചി: വൈഗയെ കൊലപ്പെടുത്തിയ കേസില് പിടിയിലായ പിതാവ് സനു മോഹന് തുടര്ച്ചയായി മൊഴികള് മാറ്റിപ്പറയുന്നത് പോലീസിനെ വട്ടം കറക്കുന്നു. ചോദ്യംചെയ്യലിൽ പറയുന്ന മൊഴികൾ ഇടയ്ക്കിടെ ഇയാൾ മാറ്റി പറയുകയാണ്.
അതുകൊണ്ടുതന്നെ നിലവില് ഇയാള് നല്കിയിരിക്കുന്ന മൊഴികളൊന്നും പൂര്ണമായി വിശ്വസിക്കാന് കഴിയില്ലെന്നു കമ്മീഷണര് സി.എച്ച്. നാഗരാജു പറഞ്ഞു.
പ്രതി മാനസികപ്രശ്നങ്ങളുള്ളയാളാണെന്നാണു മനസിലാക്കാന് കഴിയുന്നത്. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു ശ്വാസം മുട്ടിച്ചു ബോധരഹിതയാക്കിയശേഷം പുഴയില് താഴ്ത്തിയെന്നാണ്. ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ടെന്നും കമ്മീഷണര് പറഞ്ഞു.
ചൂതാട്ടത്തില് താത്പര്യം
കൊച്ചി: ചൂതാട്ടത്തില് വളരെയധികം താത്പര്യമുള്ള ആളായിരുന്നു സനു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളില് ഇയാള് സജീവമായിരുന്നു.
സാമ്പത്തിക ബാധ്യതയ്ക്കു കാരണം ചൂതാട്ടമാണെന്നാണ് പോലീസ് നിഗമനം. കൊലയ്ക്കുശേഷം ഒളിവിൽപോയ കാര് വിറ്റുകിട്ടിയ 50,000 രൂപ ഉപയോഗിച്ചും ചൂതാട്ടം നടത്തി. പിടിക്കപ്പെടുന്പോൾ ഇയാളുടെ കൈവശം പണമുണ്ടായിരുന്നില്ല.
പോക്കറ്റടിച്ചു പോയെന്നാണ് പിടിയിലായപ്പോള് സനു പറഞ്ഞത്. ചൂതു കളിച്ചു നഷ്ടപ്പെടുത്തിയതാകാമെന്നു പോലീസ് കരുതുന്നു. അഞ്ചു വർഷം മുമ്പ് പുനെയിൽനിന്നു 11.5 കോടി രൂപയുമായാണ് ഇയാൾ മുങ്ങിയതെന്നും പറയുന്നു.
സനുവിനെയും ഭാര്യയെയും ഒരുമിച്ചു ചോദ്യംചെയ്യും
കൊച്ചി: വൈഗയുടെ കൊലപാതകത്തില് പിതാവായ സനു മോഹനെ പിടിച്ചെങ്കിലും കേസിലെ ദുരൂഹത നീക്കാന് സനുമോഹനെയും ഭാര്യ രമ്യയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന് ഒരുങ്ങുകയാണു പോലീസ്.
സാമ്പത്തിക ബുദ്ധിമുട്ടില് വലഞ്ഞ താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെന്നും ഏറെ സ്നേഹിച്ചിരുന്ന മകളെ അനാഥയാക്കാന് കഴിയാത്തതുകൊണ്ടു കൊന്നുവെന്നുമാണ് സനു പറയുന്നത്.
ഭാര്യയ്ക്കു മകളെ നോക്കാനാവില്ലെന്നാണു കരുതിയിരുന്നതെന്നും പ്രതിയുടെ മൊഴിയുണ്ട്. ഇതു പൂര്ണമായും പോലീസ് വിശ്വസിച്ചിട്ടില്ല.
തനിക്കു ജീവനൊടുക്കാനുള്ള ധൈര്യമുണ്ടായില്ലെന്ന സനുവിന്റെ മൊഴിയും പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.
ആത്മഹത്യചെയ്യാന് ധൈര്യമില്ലാത്ത ഒരാൾ സ്വന്തം മകളെ കൊലപ്പെടുത്തുകയും പിടിക്കപ്പെടാതിരിക്കാൻ ആസൂത്രിതമായി തെളിവുകൾ നശിപ്പിക്കുകയും പോലീസ് പിടിയിലാകുംവരെ ഒളിവിൽ കഴിയുകയും ചെയ്യുമോ?
സാമ്പത്തികപ്രശ്നങ്ങള് മാത്രമാണോ കൊലപാതകത്തിനു കാരണം? മറ്റെന്തെങ്കിലും കാരണമുണ്ടോ? സനു മോഹനൊപ്പം ഭാര്യ രമ്യയും മനസ് തുറക്കാൻ കാത്തിരിക്കുകയാണു പോലീസ്.