മൂന്നു വയസുള്ള ഏക മകളെയും 100 കോടിരൂപ മതിപ്പു വിലയുള്ള സ്വത്തും ഉപേക്ഷിച്ചു സന്യാസം സ്വീകരിക്കാനുള്ള ജൈന ദമ്പതികളുടെ തീരുമാനം ചര്‍ച്ചയാകുന്നു. മധ്യപ്രദേശിലെ സുമിത് റാത്തോറും ഭാര്യ അനാമികയുമാണ് ജൈനമതാചാരപ്രകാരം സന്യാസം സ്വീകരിക്കുന്നത്. ഈ മാസം 23ന് സന്യാസം സ്വീകരിക്കുന്നതിന്റെ മുന്നോടിയായുള്ള ദീക്ഷ സ്വീകരിക്കും. നാലു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
സിമന്റ് കമ്പനികള്‍ക്കു വേണ്ടിയുള്ള ചാക്കുകള്‍ നിര്‍മിക്കുന്ന ബിസിനസാണ് ഇവര്‍ക്ക്. ഭോപ്പാലില്‍നിന്ന് 400 കിലോമീറ്റര്‍ ദൂരെയുള്ള നിമഞ്ജ് എന്ന സ്ഥലത്താണ് ഇവരുടെ കുടുംബം. ഇരുവരുടേതും വലിയ ബിസിനസ് കുടുംബങ്ങളാണ്. കഴിഞ്ഞ മാസം സൂററ്റില്‍ നടന്ന ജൈനമത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെ സുമിത്തിനു സന്യാസം സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ടായി. മതാചാര്യന്മാരോടു ചോദിച്ചപ്പോള്‍ അവര്‍ അനുമതിയും നല്കി. ഭാര്യയുടെ സമ്മതം ആവശ്യപ്പെടാനും പറഞ്ഞു. പിന്നീട്, ഇക്കാര്യം ഭാര്യ അനാമികയുമായി സംസാരിച്ചപ്പോള്‍ അവരും സന്യാസം സ്വീകരിക്കാന്‍ സമ്മതമറിയിക്കുകയായിരുന്നു. ഇരുവരുടെയും തീരുമാനത്തെ രണ്ടു കുടുംബങ്ങളും പിന്തുണച്ചു.
ദീക്ഷ സ്വീകരിക്കുന്നതോടുകൂടി ലൗകികമായ എല്ലാ ബന്ധങ്ങളും ഇരുവരും ഉപേക്ഷിക്കും. പൂര്‍വാശ്രമം പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യും. സുമിത്തും അനാമികയും സന്യാസം സ്വീകരിക്കുന്നതോടെ മൂന്നു വയസുള്ള മകളെ ഇരുവരുടെയും മാതാപിതാക്കള്‍ സംരക്ഷിക്കും.
ദീക്ഷ സ്വീകരിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക് ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്. കൂടാതെ മൗനവ്രതത്തിലുമാണ്. ആത്മീയമായ ഇരുവരുടെയും തീരുമാനത്തെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും ആരു വിചാരിച്ചാലും അവരെ പിന്തിരിപ്പിക്കാനാവില്ലെന്നും ഇരുവരുടെയും മാതാപിതാക്കള്‍ പറഞ്ഞു.