തന്റെ പൊന്നോമനയുടെ കളിക്കൊഞ്ചലുകളും കുഞ്ഞുനൊന്പരങ്ങളും ഉപേക്ഷിച്ച് ആ അമ്മയും യാത്രയായി; സന്യാസ ജീവിതത്തിലേക്ക്… വിമർശനങ്ങളെയും എതിർപ്പുകളെയും അവഗണിച്ച് അനാമിക റത്തോറും ഭർത്താവിനു പിന്നാലെ ജൈനമത സന്യാസിയായി. അനാമികയുടെ ഭർത്താവ് സുതി റത്തോർ രണ്ടുദിവസം മുന്പാണ് സന്യാസം സ്വീകരിച്ചത്. ഏകമകൾ മൂന്നു വയസുകാരി ഇഭയയെ ഉപേക്ഷിച്ചാണ് ദന്പതികൾ സന്യാസം സ്വീകരിക്കുന്നതെന്ന വാർത്ത വലിയ വിവാദമുയർത്തിയിരുന്നു. മാതാപിതാക്കളുടെ സ്നേഹത്തിലും തണലിലും വളരാനുള്ള കുഞ്ഞിന്റെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും ഇതു കുഞ്ഞിനോടുള്ള ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടി വിവിധ സാമൂഹ്യ സംഘടകൾ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതിപ്പെട്ടിരുന്നു.
എതിർപ്പുകൾ ശക്തമായതോടെ മുൻകൂർ നിശ്ചയിച്ച ദിവസം സന്യാസം സ്വീകരിക്കുന്നതിൽനിന്ന് അനാമിക പിൻമാറി. ഇതേത്തുടർന്ന് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയും ലഭിച്ചിരുന്നു.
എന്നാൽ, പ്രതീക്ഷകൾ തെറ്റിച്ച് കഴിഞ്ഞ ദിവസം അനാമിക സന്യാസം സ്വീകരിച്ചു. ജൈനമതാചാരപ്രകാരം നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണു പങ്കെടുത്തത്. തന്റെ മകൾ അനാഥയാകില്ലെന്നും കുട്ടികളില്ലാത്ത തന്റെ സഹോദരനും ഭാര്യയും ഇഭയയെ ദത്തെടുത്തുവെന്നും അനാമിക ചടങ്ങിനു മുമ്പ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. കുഞ്ഞിനെ ദത്തെടുത്തതിന്റെ രേഖകളും ഇവർ ഹാജരാക്കി.