ന്യൂഡൽഹി: സന്യാസിയുടെ വേഷത്തിൽ ചാരവൃത്തി നടത്തിയ ചൈനീസ് യുവതി ഡൽഹിയിൽ പിടിയിൽ.
വ്യാജ ഐഡന്റിറ്റിയുമായി ഇന്ത്യയിൽ താമസിച്ച് ‘ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ’ ഏർപ്പെട്ടതിന് ഒരു ചൈനീസ് യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ചൈനയിലെ ഹൈനാൻ പ്രവിശ്യയിൽ നിന്നുള്ള കായ് റുവോയാണ് യുവതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബുദ്ധ സന്യാസിയായ ഡോൾമ ലാമയുടെ പേരിലാണ് സ്ത്രീ അറിയപ്പെട്ടിരുന്നത്. ബുദ്ധ സന്യാസികളുടെ പരമ്പരാഗത കടും ചുവപ്പ് വസ്ത്രവും ധരിച്ചിരുന്നു.
ഡൽഹി യൂണിവേഴ്സിറ്റിയുടെ നോർത്ത് കാമ്പസിനടുത്തുള്ള വിനോദസഞ്ചാരികൾക്കിടയിൽ ഏറെ പ്രചാരമുള്ള ടിബറ്റൻ അഭയാർത്ഥി കോളനിയായ വടക്കൻ ഡൽഹിയിലെ മജ്നു കാ തിലയിൽ നിന്നാണ് യുവതിയെ പിടികൂടുന്നത്.
പരിശോധനയ്ക്കിടെ ഡോൾമ ലാമയുടെ പേരിലുള്ള നേപ്പാൾ പൗരത്വ സർട്ടിഫിക്കറ്റ് അവരിൽ നിന്ന് കണ്ടെടുത്തു.
എന്നാൽ, ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ അന്വേഷിച്ചപ്പോൾ, അവൾ ഒരു ചൈനീസ് പൗരനാണെന്നും 2019 ൽ ഇന്ത്യയിലേക്ക് യാത്ര ചെയ്തതാണെന്നും പോലീസ് കണ്ടെത്തി. പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യൻ പീനൽ കോഡും ഫോറിനേഴ്സ് ആക്ടും പ്രകാരം യുവതിയ്ക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ 17 നാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
സെക്ഷൻ 120 ബി , 419 , 420, 467, മറ്റ് പ്രസക്തമായ വകുപ്പുകളാണ് യുവതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.