സെല്ഫി എടുക്കാനെത്തിയ സംഘം ഇന്ത്യന് ക്രിക്കറ്റ് താരം പൃഥിഷായെ മര്ദ്ദിച്ച കേസില് അറസ്റ്റിലായ സോഷ്യല് മീഡിയ ഇന്ഫ്ളുവന്സര് സപ്ന ഗില് കൂടുതല് ആരോപണങ്ങളുമായി രംഗത്ത്.
കോടതിയില് ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇന്ത്യന് താരത്തിനെതിരെ സപ്ന ഗില് കൂടുതല് ആരോപണങ്ങളുയര്ത്തിയത്.
പൃഥ്വി ഷാ ഉള്പ്പെടെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് സപ്ന ഗില് വാര്ത്താ ഏജന്സിയായ എഎന്ഐയോടു പറഞ്ഞു.
ക്രിക്കറ്റ് താരമാണു പൊതു സ്ഥലത്തുവച്ച് തന്നെ ഉപദ്രവിച്ചതെന്നും താരത്തില്നിന്ന് പണമോ, സെല്ഫിയോ ആവശ്യപ്പെട്ടിട്ടില്ലെന്നും സപ്ന പറഞ്ഞു.
സപ്നയുടെ വാക്കുകള് ഇങ്ങനെ…ഞങ്ങള് ആരെയും തല്ലിയിട്ടില്ല. ആരോടും പണവും ചോദിച്ചിട്ടില്ല. അവര് തെറ്റായ ആരോപണങ്ങളാണ് ഞങ്ങള്ക്ക് എതിരെ പ്രയോഗിക്കുന്നത്.
സെല്ഫിയെടുക്കാനൊന്നും ഞാന് ആരോടും അനുവാദം ചോദിച്ചിട്ടില്ല. ഞങ്ങള് അവിടെ ഒരു വിഡിയോ എടുത്തുകൊണ്ടിരിക്കുകയായിരുന്നു.
അപ്പോഴാണ് അവര് എന്റെ സുഹൃത്തിനെ ആക്രമിക്കുന്നതു കണ്ടത്. ഞാന് പോയി അവരെ തടയാന് ശ്രമിച്ചു. അപ്പോള് എന്നെ ബേസ്ബോള് ബാറ്റുകൊണ്ടാണ് അവര് മര്ദിച്ചത്. ചിലര് എന്നെ തല്ലി, അക്രമത്തിനിടെ സ്വകാര്യ ഭാഗങ്ങളില് സ്പര്ശിച്ചു.
ആ സമയത്ത് അവര് ദേഷ്യപ്പെടുന്നുണ്ടായിരുന്നു, നല്ല പോലെ കുടിച്ചിട്ടുമുണ്ട്. വിമാനത്താവളത്തില്വച്ചാണ് ഞങ്ങള് അവരെ തടഞ്ഞത്. ആളുകളെ വിളിച്ചുകൂട്ടി രക്ഷപെടാനായിരുന്നു പൃഥ്വി ഷായുടേയും സുഹൃത്തിന്റേയും ശ്രമം.
പിന്നീട് അവര് ഞങ്ങളോടു മാപ്പു പറഞ്ഞു.” സപ്ന ഗില് ആരോപിച്ചു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു പിന്നാലെ പൃഥ്വി ഷായ്ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സപ്ന ഗില് പോലീസില് പരാതി നല്കിയിരുന്നു.
പൃഥ്വി ഷായ്ക്കു പുറമേ സുഹൃത്തുക്കള്ക്കുമെതിരെ പരാതി നല്കിയെന്ന് സപ്നയുടെ അഭിഭാഷകന് അലി കാഷിഫ് ദേശ്മുഖ് വാര്ത്താ ഏജന്സിയോടു പറഞ്ഞു.
പൃഥ്വി ഷായെ ആക്രമിച്ച കേസില് സപ്ന ഗില് ഉള്പ്പെടെ ഏഴു പേര്ക്കെതിരെ ഒഷിവാര പോലീസാണു കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച സപ്ന ഗില്ലിനെ പോലീസ് അറസ്റ്റ് ചെയ്തു.