ധാക്ക: എട്ടാമത് സാഫ് കപ്പ് ഫുട്ബോൾ കിരീട ത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഇതുവരെ ഒരു കളിയും തോല്‍ക്കാതെ ഫൈനലിലെത്തിയ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കിരീടത്തിനായി മാലദ്വീപുമായാണ് ഏറ്റുമുട്ടുന്നത്. 2018 സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനല്‍ പോരാട്ടത്തിന് ഇന്ന് ധാക്ക ബംഗബന്ധു സ്റ്റേഡിയമാണ് വേദിയാകുന്നത്. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയിലായിരുന്നു മാലദ്വീപും.
ഒരാളൊഴികെ മറ്റുള്ളവരെല്ലാം 23 വയസില്‍ താഴെയുള്ള ഇന്ത്യന്‍ ടീമിന് കിരീടം നേടാനായാല്‍ ഫുട്ബോളില്‍ ഇന്ത്യയുടെ ഭാവി കൂടുതല്‍ ശോഭനമാകും. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെയും മാലദ്വീപിനെയും പരാജയപ്പെടുത്തി. സെമി ഫൈനലില്‍ പാക്കിസ്ഥാനെ 3-1നാണ് തകര്‍ത്തത്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സാഫ് കപ്പ് 12-ാം പതിപ്പിലെ എട്ടാം കിരീടവും തുടര്‍ച്ചയായ രണ്ടാം കിരീവുമാണ് ലക്ഷ്യമിടുന്നത്. രണ്ടു തവണ ഇന്ത്യ തുടര്‍ച്ചയായി രണ്ടു പ്രാവശ്യം കപ്പ് നേടിയിട്ടുണ്ട്.
മാലദ്വീപിന്റെ അഞ്ചാമത്തെ സാഫ് കപ്പ് ഫൈനലാണ്. 2009ലാണ് മാലദ്വീപ് അവസാനമായി ഫൈനലിലെത്തിയത്. ഇന്ന് ഇന്ത്യയോടു തോറ്റു. 2008ല്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ നാലു എഡിഷനുകളില്‍ സെമി ഫൈനലില്‍ തോറ്റു പുറത്തായ മാലദ്വീപ് ഈ വരവ് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ്. 2003ലൊഴികെ എല്ലാം ഫൈനലുകളിലും ഇന്ത്യ ഉണ്ടായിരുന്നു.
2009ലെ ഫൈനലും ബംഗബന്ധുവിലായിരുന്നു. അന്ന് മുഴുവന്‍ സമയത്തും അധികസമയത്തും ഗോള്‍രഹിത സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങുകയാായിരുന്നു. ഷൂട്ടൗട്ടില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു.
ഇന്നത്തെ മത്സരം ഇന്ത്യ പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാലദ്വീപിനെ വിലകുറച്ചു കാണുന്നില്ലെന്നും ഇന്ത്യന്‍ പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് പറഞ്ഞു.
നേപ്പാളിനെതിരേ സെമി ഫൈനലില്‍ ജയിച്ചപ്പോള്‍ മാലദ്വീപ് അവരുടെ വലുപ്പം വെളിപ്പെടുത്തിയതാണ്. 3-0ന് ജയിക്കുകയെന്ന കാര്യം നിസാരകാര്യമല്ല. ഗ്രൂപ്പ് ഘട്ടത്തില്‍ അവരെ പരാജയപ്പെടുത്താനായെങ്കിലും മാലദ്വീപിനെ വിലകുറച്ചുകാണുന്നില്ലെന്നും അന്നത്തെ മത്സരത്തില്‍ അവരുടെ പ്രധാനപ്പെട്ട മൂന്നു കളിക്കാര്‍ ഇറങ്ങിയിരുന്നില്ലെന്നും കോണ്സ്റ്റന്റൈന് പറഞ്ഞു.
പാക്കിസ്ഥാനെതിരേ സെമി ഫൈനലില്‍ ഇരട്ട ഗോള്‍ നേടിയ മന്‍വിര്‍ സിംഗ് ഫോമിലാണ്. ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്യുന്ന മലയാളി താരം ആഷിഖ് കുരുണിയനും ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.