ബോളിവുഡ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമാണ് സെയ്ഫ് അലി ഖാന്റെ മകൾ സാറ അലിഖാന്റെ ബോളിവുഡ് അരങ്ങേറ്റം. സാറയുടെ ആദ്യ ചിത്രമായ കേദർനാഥിന്റെ ചിത്രീകരണം തുടങ്ങിയിട്ടിപ്പോൾ വർഷം ഒന്നാകാൻ പോകുന്നു.
ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. സംവിധായകൻ അഭിഷേക് കപൂറും സഹനിർമാതാവ് പ്രേർന അറോറയും തമ്മിലുണ്ടായ വാക്കുതർക്കമായിരുന്നു ചിത്രീകരണം തടസപ്പെടാനുണ്ടായ കാരണം.
ഇതോടെ സാറയുടെ ആദ്യ ചിത്രം കട്ടപ്പുറത്തായി എന്നാണ് പലരും കരുതിയത്. എന്നാൽ അഭിഷേകും പ്രേർനയും തമ്മിലുള്ള വഴക്കൊക്കെ തീർന്നെന്നും സിനിമയുടെ ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
അടുത്ത മാസം ആദ്യം തന്നെ ഇതുണ്ടാകും. ഈ വർഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിൽ എത്തിക്കുകയാണ് ലക്ഷ്യം.