ഗ്രേറ്റ് ബ്രിട്ടണ് മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റ് സാറ അഹമ്മദ് മരിച്ച വാർത്ത കേട്ടു നടുങ്ങി നിൽക്കുകയാണ് സെലിബ്രിറ്റി ലോകം.
എന്തു കാരണത്താലാണ് അവൾ മരിച്ചതെന്നു കൃത്യമായി കണ്ടെത്താനായിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. മകൾ മരിച്ചെങ്കിലും അവളുടെ മോഹങ്ങൾ നടപ്പാക്കിയെടുക്കുമെന്ന തീരുമാനത്തിലാണ് അമ്മ ഷെഫാലി ബീഗം.
വേദനകളുടെ കനലിലൂടെ നടന്നു സൗന്ദര്യമത്സര വേദികൾ കീഴടക്കി എന്നതാണ് അവളുടെ സൗന്ദര്യത്തിനു കൂടുതൽ ആകർഷകത്വം നൽകിയത്.
ഇരുപതാം വയസിൽ
മരിക്കുന്പോൾ വെറും ഇരുപതു വയസ് മാത്രയുള്ളൂ സാറയ്ക്ക്. എന്ഹ്ലേഴ്സ് ഡാന്‍ലോസ് സിന്‍ഡ്രോം (ഇഡിഎസ്) എന്ന അപൂര്‍വ രോഗമായിരുന്നു അവളെ ബാധിച്ചതെന്നാണ് കരുതപ്പെടുന്നത്.
പാരമ്പര്യമായി സംയുക്ത കോശ (ടിഷ്യു)ങ്ങളുടെ ക്രമരാഹിത്യം മൂലം ചര്‍മം, ഞരമ്പുകള്‍, അസ്ഥിബന്ധങ്ങള്‍, രക്തക്കുഴലുകള്‍, ആന്തരിക അവയവങ്ങള്‍, അസ്ഥികള്‍ എന്നിവയെ ബാധിക്കുന്ന രോഗമാണ് വിദ്യാര്‍ഥിനിയായ സാറ അഹമ്മദിനെ ബാധിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം.
ഈ ശാരീരികാവസ്ഥ സമ്മാനിക്കുന്ന വിഷമതകൾ ചിന്തിക്കുന്നതിന് അപ്പുറമായിരുന്നെങ്കിലും അതിനെയൊക്കെ തരമം ചെയ്താണവൾ മിസ് യൂണിവേഴ്സ് ഗ്രേറ്റ് ബ്രിട്ടൻ ഫൈനലിസ്റ്റ് ആയി മാറിയത്.
കരള്‍ തകരാറും ഗുരുതര അൾസറും ബാധിച്ചു ന്യൂകാസിലിലെ ഫ്രീമാന്‍ ആശുപത്രിയില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു മരണം.
പഠിക്കാൻ ആഗ്രഹിച്ചവൾ
ട്രിനിറ്റി സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു കുംബ്രിയയിലെ കാര്ലിസില്നിന്നുള്ള സാറാ, സോഷ്യോളജി, സൈക്കോളജി എ-ലെവലുകള്‍ പഠിക്കുകയായിരുന്നു അവൾ.
ഇഡിഎസ് പോലുള്ള മറഞ്ഞിരിക്കുന്ന വൈകല്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ അവൾ തീരുമാനിച്ചിരുന്നുവെന്ന് അമ്മ ഷെഫലിപറഞ്ഞു.’മിസ് യൂണിവേഴ്സ് ഗ്രേറ്റ് ബ്രിട്ടൻ ഫൈനലിസ്റ്റായപ്പോഴുള്ള അവളുടെ തീരുമാനം.
അവള് ഞങ്ങളുടെ ഏക മകളായിരുന്നു, ഞങ്ങളുടെ സുന്ദരി രാജകുമാരി- അമ്മയ്ക്കു മകളെക്കുറിച്ചു പറയാനേറെയുണ്ട്. അവളുടെ നട്ടെല്ലിന് ഒരു വളവുണ്ടായിരുന്നു.
അതു ശരിയാക്കാന്‍ കൗമാരപ്രായത്തിൽ അവള്‍ക്കു വലിയ ഒരു ശസ്ത്രക്രിയ വേണ്ടി വന്നു. അവൾ നേരിടുന്ന ഗുരുതരമായ ശാരീരികാവസ്ഥയുടെ ഭാഗമായിരുന്നു ആ വൈകല്യം.
‘എന്റെ അവസ്ഥയില്‍ 15 പേര് മാത്രമാണ് യുകെയില്‍ താമസിക്കുന്നത്. എന്റെ അവസ്ഥ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നു.
അസ്ഥികള്‍ക്ക് എല്ലാ ദിവസവും സ്ഥാനഭ്രംശം, കടുത്ത വേദന, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, നട്ടെല്ലിന്റെ വളവ്, ധാരാളം ശസ്ത്രക്രിയകള്‍ എന്നിങ്ങനെ കഠിന പരീക്ഷണങ്ങളുടെ കനലിലൂടെയായിരുന്നു എന്റെ യാത്ര.
സങ്കടകരമായ വാക്കുകൾ
മിസ് യൂണിവേഴ്സ് ഗ്രേറ്റ് ബ്രിട്ടന്റെ ഡയറക്ടര്‍ പോള അബ്ബന്ഡൊനാറ്റോ വൈകാരികമായാണ് സാറയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്
”ഞാന്‍ 2008 മുതല്‍ മിസ് യൂണിവേഴ്സ് ഗ്രേറ്റ് ബ്രിട്ടന് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്, എന്നാൽ, വേദനകൾക്കിടയിലും മതിപ്പ് സൃഷ്ടിക്കുന്ന സാറെയെപ്പോലെ ഒരു മത്സരാര്‍ഥിയെ കണ്ടിട്ടില്ല.
”കഴിഞ്ഞ വര്‍ഷം സാറ മത്സരിക്കുന്നതിനെ കോവിഡ് തടഞ്ഞു, പക്ഷേ, 2021ല്‍ അവള് തിരിച്ചുവരുമെന്നു ഞങ്ങള്‍ക്കു പ്രതീക്ഷയുണ്ടായിരുന്നു.
മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.
എന്തായാലും സ്നേഹമുള്ള അച്ഛനെയും നാലു സഹോദരന്മാരെയും അമ്മയെയും വിട്ടാണ് അവളുടെ വേർപാട്.