മുംബൈ: സച്ചിൻ തെൻഡുൽക്കറിന്റെ മകൾ സാറാ തെൻഡുൽക്കറുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ടുണ്ടാക്കി വാർത്തകൾ പ്രചരിപ്പിച്ചിരുന്നയാൾ പിടിയിൽ. മുംബൈ സ്വദേശിയായ സോഫ്റ്റ് വെയര്‍ എൻജിനീയർ നിതിൻ സിഷോധെ എന്ന യുവാവാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
നേരത്തേ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടിയെയും ശരദ് പവാറിനെയും ലക്ഷ്യം വച്ച് നിരവധി ട്വീറ്റുകൾ ഈ അക്കൗണ്ടിൽ നിന്നും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തന്റെ മകൾ ട്വിറ്ററിൽ ഇല്ലെന്നും ഇത് വ്യാജ അക്കൗണ്ടുകൾ ആണെന്നും സച്ചിൻ ട്വീറ്റ് ചെയ്തിരുന്നു.
ഈ അക്കൗണ്ട് എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ സച്ചിൻ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു. സച്ചിന്റെ ട്വീറ്റിനെ തുടർന്ന് ഈ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തിരുന്നു.