സ്വന്തം ലേഖകൻ
തൃശൂർ: നിർത്താതെ ഒറ്റയടിക്കു 120 വന്യമൃഗങ്ങളുടെ പേരുകൾ, അതും തെറ്റാതെ. ഒരു മിനിറ്റിനുള്ളിൽ 120 വന്യമൃഗങ്ങളുടെ പേരുകൾ പറഞ്ഞ് റിക്കാർഡുകൾ നേടിയിരിക്കയാണ് ചിറ്റിലപ്പിള്ളി ഐഇഎസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനി സാറ റോസ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലും നാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സിലുമാണ് സാറയുടെ നേട്ടം.
വടക്കേ ഇന്ത്യയിലെ ഒരു കുട്ടിയുടെ റിക്കാർഡാണ് സാറ തിരുത്തിയത്. കണ്ണുകെട്ടി കംപ്യൂട്ടറിൽ വന്യമൃഗങ്ങളുടെ ചിത്രങ്ങൾ മാറ്റുന്നതിനനുസരിച്ചാണ് 120 പേരുകൾ തെറ്റുകൂടാതെ പറഞ്ഞത്.
ശരിക്കും 55 സെക്കൻഡിനുള്ളിൽ മൃഗങ്ങളുടെ പേരുകൾ പറഞ്ഞിരുന്നു. പക്ഷേ, റിക്കാർഡിൽ ഒരു മിനിറ്റിനുള്ളിൽ എന്ന സർട്ടിഫിക്കറ്റേ ലഭിക്കൂ.
എൻജിനിയറായ ചിറ്റിലപ്പിള്ളി തരകൻ വീട്ടിൽ ലിയോ പോൾ – ജിനി ദമ്പതികളുടെ മകളാണ് സാറ. ഓണ്‍ലൈൻ ക്ലാസായതിനാൽ ഒഴിവുസമയം ചെലവഴിക്കാനാണ് വന്യമൃഗങ്ങളുടെ പേരുകൾ പറഞ്ഞുപഠിപ്പിച്ചത്.
മകൾ പെട്ടെന്നു മൃഗങ്ങളുടെ പേരുകൾ പറയുന്നതുകണ്ടാണ് റിക്കാർഡിനു പരിശ്രമിക്കാമെന്നു ചിന്തിച്ചതത്രെ.
റിക്കാർഡ് നേടാൻ വന്യമൃഗങ്ങളുടേ പേരുകൾതന്നെ പറയണമെന്നുള്ളതുകൊണ്ട് ദിവസങ്ങളോളം ഗൂഗിളിലും മറ്റും തെരഞ്ഞാണ് ഇത്രയും മൃഗങ്ങളുടെ പേരുകൾ കണ്ടെത്തിയതെന്നു അമ്മ ജിനി പറഞ്ഞു.
ആദ്യം മുപ്പതു മിനിറ്റിൽ 60 മൃഗങ്ങളുടെ പേരുകൾ പറഞ്ഞു. പിന്നീട് ഇതു കൂടിവന്നു. അങ്ങനെയാണു റിക്കാർഡിലെത്തിയത്.
ചേച്ചി പറയുന്നതുകേട്ട് അനുജത്തി അഞ്ചുവയസുകാരി അന്നയും മൃഗങ്ങളുടെ പേരുകൾ പറഞ്ഞുപഠിക്കുന്നുണ്ട്.