കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ 21-ാം ഡിവിഷനിൽ ചെയർമാന്റെ ഇടപെടൽ മൂലം ഫണ്ട് നൽകുന്നില്ലെന്നാരോപിച്ച് നഗരസഭാംഗം ടി.എസ്. സാറ കൗണ്‍സിൽ യോഗം ബഹിഷ്കരിച്ച് നഗരസഭാ കാര്യാലയത്തിനു മുന്നിൽ ഒറ്റയാൾ ധർണ നടത്തി.
വികസന പ്രവർത്തനങ്ങൾക്കായി സ്വകാര്യസ്ഥാപനം നൽകിയ സിഎസ്ആർ ഫണ്ട് സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്നാണ് ഇന്നലെ അംഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫണ്ട് ആവശ്യപ്പെട്ട തന്നോട് ചെയർമാൻ തരാനാകില്ലെന്നു പറഞ്ഞതായും തന്റെ വാർഡിന്റെ വികസനം തുരങ്കം വയ്ക്കുന്നതിനാണ് ചെയർമാൻ ശ്രമിക്കുന്നതെന്നും സാറ പറഞ്ഞു.
ഫണ്ട് ഒരു വാർഡിനു മാത്രം നൽകാനാകില്ല: ചെയർമാൻ
കൂത്താട്ടുകുളം: നഗരസഭയ്ക്കു സ്വകാര്യ സ്ഥാപനം നൽകിയ സിഎസ്ആർ ഫണ്ട് ഒരു വാർഡിന് മാത്രമായി നൽകണമെന്ന നഗരസഭാംഗത്തിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യം കൗണ്‍സിൽ യോഗം തള്ളിയതായും ചെയർമാൻ റോയി ഏബ്രഹാം.
ഫണ്ട് നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ മാരകരോഗം ബാധിച്ചവർക്കാർ അംഗങ്ങളുടെ ശിപാർശയിൽ വിതരണം ചെയ്യാനാണ് കൗണ്‍സിൽ തീരുമാനം. കഴിഞ്ഞ മാസം 27നാണ് സ്വകാര്യ സ്ഥാപനം 1.47 ലക്ഷം രൂപയുടെ ഫണ്ട് നഗരസഭയ്ക്കു നൽകിയത്.
സ്ഥാപനവും പ്രദേശവാസികളുമായി നിലനിൽക്കുന്ന പ്രശ്നം ബന്ധപ്പെട്ടവരെ വിളിച്ച് ഉടൻ ചർച്ച ചെയ്യുമെന്നും ചെയർമാൻ അറിയിച്ചു.