ഓക്ലന്‍ഡ് (ന്യൂസിലന്‍ഡ്): ഇലക്ട്രോണിക് സ്ഥാപനത്തില്‍ കവര്ച്ചയ്ക്കെത്തിയവരുടെ ആക്രമണത്തില്‍നിന്നു ജീവനക്കാരനെ രക്ഷിച്ച സ്ഥാപന ഉടമയുടെ ആറുവയസുകാരി മകള്‍ക്കു വീര പരിവേഷം. മണിക്കൂറുകള്‍ക്കുള്ളില്‍ അക്രമിസംഘത്തെ പിടികൂടി പോലീസ് സംഘവും മികവു തെളിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ഓക്ലന്‍ഡിലെ സുഹൈല്‍ പട്ടേലിന്റെ ഇലക്ട്രോണിക് സ്ഥാപനത്തില്‍ ആറംഗ സംഘം കവര്‍ച്ച നടത്തിയത്. കവര്‍ച്ചാ സംഘം സ്ഥാപനത്തിലെത്തുമ്പോള്‍ ജീവനക്കാരനായ ജോര്‍ദാന്‍ ബര്‍ട്ട് ഒരു ഉപയോക്താവുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. മുന്നിലെ ചില്ലു വാതില്‍ തകര്‍ത്തു കടയ്ക്കുള്ളിലേക്കു കയറിയ അക്രമി സംഘം മൊബൈല്‍ ഫോണുകളുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കവര്‍ച്ച ചെയ്തു. അതിനിടെ അക്രമികളെ നേരിട്ട ജോര്‍ദാനെ അക്രമികള്‍ മര്‍ദിക്കുകയും ചെയ്തു. ഈ സമയം കടയുടമയുടെ മകള്‍ സാറ പട്ടേലും മുത്തച്ഛനും അമ്മ നസ്റിന് പട്ടേലും കടയിലെത്തി. എന്തോ കുഴപ്പമാെണന്നു സാറയ്ക്കു മനസിലായി.
ജോര്‍ദാന്‍ ബര്‍ട്ടിനെ മര്‍ദിക്കുന്നതിനിടെ അക്രമികളിലൊരാള്‍ കൈക്കോടാലിയുമായി അദ്ദേഹത്തെ ആക്രമിക്കാനെത്തുന്നതു കണ്ട സാറ അതിവേഗം അക്രമിയെ തള്ളിമാറ്റി. അക്രമിയുടെ കാലില്‍ പിടിച്ച സാറ ആവുംവിധം അയാളെ താഴേക്കു വലിക്കുകയും ചെയ്തു. സാറയില്‍ നിന്നുണ്ടായ അപ്രതീക്ഷിത പ്രതികരണത്തില്‍ അക്രമി ബാലന്‍സ് തെറ്റി നിലത്തുവീണു. ഉടന്‍തന്നെ സാറ മുത്തച്ഛന്റെ അടുക്കലേക്ക് ഓടിപ്പോയി. ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ട ജോര്‍ദാനും സുരക്ഷിത സ്ഥലത്തേക്കു മാറി. കൈയില്‍ കിട്ടിയതെല്ലാം വാരിയെടുത്ത് അക്രമിസംഘം രക്ഷപ്പെട്ടു.
പിന്നീട്, പോലീസ് സംഘം സ്ഥാപനത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതില്‍ സാറയുടെ വീരകൃത്യം പതിഞ്ഞിരുന്നു. ആക്രമിച്ചയാളെ തടയാന്‍ സാറ ഒരു നിമിഷം വൈകിയിരുന്നുവെങ്കില്‍ ജോര്‍ദാന്‍ അക്രമിയുടെ കൈക്കോടാലിക്ക് ഇരയാവുമായിരുന്നു. ജോര്‍ദാന്റെ കഴുത്തിനു നേേരയാണു കൈക്കോടാലി വീശിയത്. തന്റെ അച്ഛനാണ് ആക്രമിക്കപ്പെടുന്നത് എന്ന ധാരണയിലാണ് അക്രമിയെ നേരിട്ടതെന്നു സാറ പിന്നീടു പറഞ്ഞു. താന്‍ ഒട്ടും പേടിച്ചിരുന്നില്ലെന്നും അവള് പറഞ്ഞു. അക്രമത്തിനുശേഷം സ്ഥലംവിട്ട സംഘത്തെ വെസ്റ്റ് ഓക്ലന്‍ഡ് മുതല്‍ ഗ്ലെന്‍ ഏദന്വരെ പിന്തുടര്ന്നു പോലീസ് പിടികൂടി.