സാറാ വാര്‍ലി എന്ന കാലിഫോര്‍ണിയക്കാരി യുവതിയ്ക്ക ഇത് രണ്ടാം ജന്മമാണ്. ഈ ജന്മം സമ്മാനിച്ചതാവട്ടെ ചെന്നായ്ക്കളും. ഇപ്പോള്‍ 28 വയസുള്ള വാര്‍ലി തന്റെ 19-ാം വയസില്‍ ബലാല്‍സംഗത്തിനിരയായിരുന്നു. ബലാല്‍സംഗത്തെത്തുടര്‍ന്നുണ്ടായ മാനസികാഘാതം സാറയെ വല്ലാതെ തളര്‍ത്തി. ഇതേത്തുടര്‍ന്ന് സാറ പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍(പിടിഎസ്ഡി) എന്ന അവസ്ഥയിലേക്ക്് വഴുതി വീണു. എപ്പോഴും അണുബാധയേല്‍ക്കുമെന്നും ചര്‍ദ്ദിക്കുമെന്നുമുള്ള ഭയമാണ് ഈ അവസ്ഥയുടെ ഏറ്റവും വലിയ ഭീകരത. അതോടെ ഏറെക്കുറെ ഭക്ഷണം കഴിക്കുന്നത് സാറ നിര്‍ത്തിയെന്നു തന്ന പറയാം. മൂന്ന് ഉണക്ക മുന്തിരിയും മൂന്ന് വാള്‍നട്ടും മാത്രമായിരുന്നു പ്രഭാത ഭക്ഷണം. കാര്യങ്ങള്‍ ഇങ്ങനെയായതോടെ ശരീരഭാരം 41 കിലോഗ്രാമായി കുറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ മരണത്തിലേക്ക് അധികം അകലമില്ലെന്ന അവസ്ഥയിലായി.
യാദൃശ്ചികമായാണ് സാറയുടെ ചില ബന്ധുക്കള്‍ ചെന്നായ്ക്കള്‍ക്കും വൂള്‍ഫ് നായ്ക്കള്‍ക്കുമൊരുക്കിയ അഭയകേന്ദ്രം അവള്‍ സന്ദര്‍ശിക്കാനിട വരുന്നത്. അത് അവളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. ചെന്നായ്ക്കളോടും നായ്ക്കളോടുമുള്ള സഹവാസം അവളെ പഴയ സാറയാക്കി മാറ്റി. ആരോഗ്യം വീണ്ടെടുത്ത സാറയുടെ പിന്നത്തെ ജീവിതം ചെന്നായ്ക്കള്‍ക്കു വേണ്ടിയുള്ളതായിരുന്നു. സാറ ചെന്നായ്ക്കള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ എട്ടുവര്‍ഷം പിന്നിടുന്നു.
” എനിക്കറിയില്ല എങ്ങനെ ചെന്നായ്ക്കള്‍ക്കൊപ്പം ഞാനിവിടെ കഴിയുന്നുവെന്ന്. മുമ്പ് എല്ലാത്തിനോടും എനിക്ക് ഭയമായിരുന്നു. ചെന്നായ്ക്കള്‍ക്കൊപ്പം കൂടിയതോടെ ഞാന്‍ കാരണമില്ലാതെയുള്ള എന്റെ ഭയങ്ങള്‍ അകന്നു. എനിക്ക് അവര്‍ തന്ന സ്‌നേഹത്തില്‍ അവരോട് എനിക്ക് ബഹുമാനവുമുണ്ട്. ഈയൊരു ബഹുമാനമാണ് എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. എനിക്ക് ഈ മൃഗങ്ങളോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണുള്ളത്. ഇക്കാര്യത്തില്‍ ഞാന്‍ വലിയ സൗഭാഗ്യവതിയാണെന്നും കരുതുന്നു” സാറ പറയുന്നു. തനിക്ക് ജീവിതം തിരിച്ചു തന്ന ചെന്നായ്ക്കള്‍ക്ക്ക്കും വൂള്‍ഫ് ഡോഗുകള്‍ക്കും വേണ്ടി സ്വന്തമായി ഒരു വന്യജീവി സങ്കേതം തുടങ്ങാനാണ് സാറയുടെ പദ്ധതി. താന്‍ കടന്നുപോയതു പോലെയുള്ള മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഇത് ഉപകാരപ്രദമാകുമെന്നും സാറ വിശ്വസിക്കുന്നു.