കൊച്ചി: എന്നിലെ അഭിനേത്രിയെ കണ്ടെത്തി സിനിമാലോകത്തേക്കു കൈപിടിച്ചു നടത്തിയതു തന്റെ അമ്മയാണെന്നു നടി ശാരദ. ജന്മം നൽകുന്നതുകൊണ്ടുമാത്രം ഒരു സ്ത്രീ അമ്മയാവുന്നില്ല. മക്കൾ എങ്ങനെയാകണമെന്നു സ്വപ്നം കാണുകയും സ്വപ്നസാഫല്യത്തിലേക്കു കൈപിടിച്ചു നടത്തുകയും ചെയ്യുന്നവളായിരിക്കണം അമ്മയെന്നു തെന്നിന്ത്യൻ സിനിമയിൽ നൂറുകണക്കിനു കഥാപാത്രങ്ങളെ അനശ്വരമാക്കിയ ശാരദ പറഞ്ഞു.
കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിഎംഎഫ്ആർഐ) വിമൻ സെൽ സംഘടിപ്പിച്ച സ്ത്രീശാക്തീകരണ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു ശാരദ. സിനിമയിൽ ഒരു പെണ്കുട്ടിക്കു പണ്ട് അഭിനയിക്കാൻ അവസരം ലഭിക്കണമെങ്കിൽ സൗന്ദര്യവും ശരീരവണ്ണവും നിർബന്ധമായിരുന്നു. ഇക്കാര്യത്തിൽ പിന്നിലായിരുന്ന എന്നെ എന്തുകൊണ്ടാണ് അമ്മ പ്രോത്സാഹിപ്പിച്ചതെന്ന് ഇന്നുമറിയില്ല.
നൃത്തവേദികളിലും ഒരു നാടകസമിതിയിലുമുള്ള പ്രകടനങ്ങളാണു കൈമുതലായിട്ടുണ്ടായിരുന്നത്. കുഞ്ചാക്കോ, സത്യൻ, നസീർ തുടങ്ങി അക്കാലത്തു സിനിമയിൽ സജീവമായിരുന്നവരെല്ലാം വലിയ സ്നേഹമുള്ളവരായിരുന്നു. സ്ത്രീകൾ തങ്ങളുടെ ശക്തി സ്വയം തിരിച്ചറിയുന്നതാണു യഥാർഥ സ്ത്രീ ശാക്തീകരണം. സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹമാണു നമുക്കു വേണ്ടത്. സ്ത്രീകളുടെ ആത്മാഭിമാനത്തെ പിന്തുണയ്ക്കുന്ന കഥാപാത്രങ്ങളാണു സിനിമയിൽ താൻ കൂടുതൽ ചെയ്തത്.
പിരിഞ്ഞു കഴിയുന്ന ദന്പതികൾ തന്റെ “ബലിപീഠം’ എന്ന തെലുക് സിനിമ കണ്ടശേഷം ഒന്നിക്കാൻ തയാറായത് ഇന്നും അഭിമാനത്തോടെ ഓർക്കുന്നു. മലയാള സിനിമ വലിയ പ്രോത്സാഹനം നൽകിയിട്ടുണ്ട്. തെലുങ്കിൽനിന്നും തമിഴിൽനിന്നും തികച്ചും വ്യത്യസ്തമാണു മലയാളത്തിലെ ആസ്വാദനശൈലി. നിനയ്ക്കാതെ വന്നെത്തിയ രാഷ്ട്രീയപ്രവർത്തനവും തെന്നാലിയിൽനിന്നുള്ള ലോകസഭ അംഗത്വവുമെല്ലാം സന്തോഷകരമായിരുന്നു. എങ്കിലും ഇനി രാഷ്ട്രീയത്തിൽ സജീവമാകാൻ താത്പര്യമില്ലെന്നും ശാരദ പറഞ്ഞു.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ, വിമൻ സെൽ ചെയർപേഴ്സണ് ഡോ. സോമി കുര്യാക്കോസ് എന്നിവർ ചേർന്നു ശാരദയ്ക്ക് ഉപഹാരം സമർപ്പിച്ചു.