വിവിധ വാര്‍ത്തകളുടെ കൂട്ടത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്ത ഒന്നായിരുന്നു, തിരുവനന്തപുരത്ത് സ്‌കൂളില്‍ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ചേര്‍ന്ന് നടത്തിയ കെട്ടിപ്പിടുത്തം. സ്‌കൂളില്‍ വച്ച് കെട്ടിപ്പിടിച്ചെന്ന പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കിയ സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടിക്കെതിരെയും അധ്യാപകരുടെ മനോഭാവത്തിനെതിരെയും നിരവധി വിമര്‍ശങ്ങളുയര്‍ന്നിരുന്നു. കുട്ടികളെ കുറ്റപ്പെടുത്തി സംസാരിക്കുന്ന പലരും തങ്ങളുടെ കുട്ടിക്കാലത്ത് ചെയ്തുകൂട്ടിയതിനെക്കുറിച്ചൊക്കെ മറന്നുപോയോ എന്നു ചോദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
മൂത്രപ്പുരയുടെ പിന്നില്‍ വെച്ച് ഹൈസ്‌കൂളിലെ ഒരു ചേച്ചിയും ചേട്ടനും കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഓടിപ്പോയ എന്നെ വിളിച്ച് ആരോടും പറയാതിരുന്നാല്‍ സ്പോ്ര്ട്സ് ഡേക്ക് ഐസ് സ്റ്റിക് വാങ്ങിത്തരാമെന്നു പറഞ്ഞു. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്തും സ്‌ക്കൂളില്‍ പ്രണയമുണ്ടായിരുന്നു. തൂണിന്റെ മറവിലും മരത്തിന്റെ ചുവട്ടിലും മൂത്രപ്പുരയുടെ പിന്നിലും കിണറ്റുകരയിലും ഒക്കെ രഹസ്യമായും പരസ്യമായും പ്രണയിച്ചിരുന്നവര്‍. സ്പോര്‍ട്ട്സ് ദിവസങ്ങളില്‍ ആണ് രസം. സീനിയര്‍ ചേച്ചിമാര്‍ ചേട്ടന്മാര്‍ക്കു കൊടുക്കാന്‍ എഴുതിത്തന്നു വിട്ടിരുന്ന കുറിപ്പുകള്‍ കൃത്യവിലോപമില്ലാതെ എത്തിച്ചിരുന്നതിനു പകരമായി എത്ര തവണ ഐസ്സ്റ്റിക് വാങ്ങിക്കഴിച്ചിട്ടുണ്ട്.
അവരുടെയൊക്കെ മക്കളോ കൊച്ചുമക്കളോ ആണ് യൂണിഫോമില്‍ ഞെരുങ്ങി ,ചൂരലില്‍ കുരുങ്ങി സൈനിക റെജിമെന്റുകളിലെന്നതു പോലെ വൈകാരികമായി വന്ധ്യംകരിക്കപ്പെട്ടു കഴിഞ്ഞു കൂടുന്നത്. സ്‌കൂളിലെ നിത്യകാമുകിയായിരുന്ന ഒരു ചേച്ചി, കുട്ടികള്‍ക്കു സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരെ പരിഹസിച്ചും നിന്ദിച്ചും കഴിഞ്ഞ ദിവസം ഒരിടത്തു പ്രസംഗവും കൗണ്‍സിലിങ് ക്ലാസും നടത്തുന്നതു കണ്ടപ്പോള്‍ ഓര്‍ത്തു പോയതാണ്.. ചേച്ചി റിട്ടയര്‍ഡ് ഹെഡ്മിസ്ട്രസാണ്. ചേച്ചീ, ആദ്യ ഐസ്‌ക്രീം എനിക്കു വാഗ്ദാനം ചെയ്ത ആ മൂത്രപ്പുരയുടെ സുഗന്ധം മറന്നു പോയതെങ്ങനെ?.. എന്റെ 12 വയസ്സില്‍ അന്നു നിങ്ങളെ കണ്ടപ്പോഴുണ്ടായ ആ കുളിര് എന്റെ ദേഹത്തു നിന്നിപ്പോഴും മാറിയിട്ടില്ലല്ലോ.