ജനങ്ങളോട് ചോദിക്കുന്നതിന്റെ കൂടെ സര്‍ക്കാരിനും ചിലത് ചെയ്യാനില്ലേ! ദുരിതാശ്വാസനിധി വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് എഴുത്തുകാരി ശാരദക്കുട്ടി

പ്രളയക്കെടുതിയില്‍ പെട്ട് ഭംഗി നഷ്ടപ്പെട്ട കേരളത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അതികഠിന പരിശ്രമത്തിലാണ് കേരളസമൂഹം, പ്രത്യേകിച്ച് ഭരണപക്ഷം. ആയിരക്കണക്കിന് കോടികള്‍ ഉണ്ടെങ്കില്‍ മാത്രമേ കേരളത്തെ വീണ്ടും പഴയപടിയാക്കിയെടുക്കാന്‍ സാധിക്കൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സാധിക്കുന്നിടത്തു നിന്നെല്ലാം സാമ്പത്തിക സഹായം സര്‍ക്കാര്‍ സ്വീകരിക്കുന്നുമുണ്ട്.

എല്ലാ ഉദ്യോഗസ്ഥരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ ഇപ്പോഴുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാന്‍ സാധിക്കുമെന്നാണ് മുഖ്യമന്ത്രി ഇക്കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ജനങ്ങളോട് ചോദിക്കുന്നതിന്റെ കൂടെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചില കാര്യങ്ങള്‍ ചെയ്യേണ്ടതില്ലേ എന്നാണ് പലരും ഇപ്പോള്‍ ചോദിക്കുന്നത്. ഇത്തരം ചില സംശയങ്ങളും ആശയങ്ങളും പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

രാഷ്ട്രീയ പ്രവര്‍ത്തകരെ പുനരധിവസിപ്പിക്കാനായി രൂപം കൊടുത്തിട്ടുള്ള സംവിധാനങ്ങള്‍ പിരിച്ചുവിട്ട് അവരനുഭവിക്കുന്ന സൗകര്യങ്ങളെല്ലാം സര്‍ക്കാരിലേക്ക് വകയിരുത്തണമെന്ന് അവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ശാരദകുട്ടി സര്‍ക്കാരിന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

സംസ്ഥാനത്തെ രക്ഷിക്കാന്‍ ഉള്ള അങ്ങയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും. കൂടെ ഇത്രയും കൂടി ചെയ്യണമെന്ന് ഒരു അഭ്യര്‍ഥനയുണ്ട്. ചെയ്യാവുന്നതേയുള്ളു. ശ്രമങ്ങളുടെ ആത്മാര്‍ഥത ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടുകയേയുള്ളു.

1. രാഷ്ട്രീയ പ്രവര്‍ത്തകരെ പുനരധിവസിപ്പിക്കാനായി രൂപം കൊടുത്തിട്ടുള്ള സകലവിധ കോര്‍പറേഷനുകള്‍, മിഷനുകള്‍, ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ ഖജനാവ് ചോര്‍ത്തുന്ന എല്ലാ സംവിധാനങ്ങളും ഒറ്റയടിക്ക് പിരിച്ചുവിട്ട് അവരനുഭവിക്കുന്ന സകല സുഖ സൗകര്യങ്ങളും സര്‍ക്കാരിലേക്ക് വകയിരുത്തുക.

2. കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയിലെ എല്ലാ രാഷ്ട്രീയ നിയമനങ്ങളും റദ്ദുചെയ്യുക.

3.മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പൊതുഖജനാവില്‍ നിന്ന് കൈപ്പറ്റുന്ന ശമ്പളേതര ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ റദ്ദ് ചെയ്യണം.

4. MLA മാരുടെ ചികിത്സാച്ചെലവുകള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്ത് ആ ചെലവ് നിര്‍വ്വഹിക്കണം.

5: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ എണ്ണം പരമാവധി 15 ആക്കണം. അവരുടെ നിയമന കാലാവധി മന്ത്രിമാരുടേതിന് കോ ടേര്‍മിനസ് ആകണം.

6. മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണം അങ്ങ് തന്നെ ആലോചിച്ച് അടിയന്തിരമായി വേണ്ടത് ചെയ്യണം. ഈ കൊച്ചു സംസ്ഥാനത്തിന് ഇത്രയധികം ഉപദേശകരെ ഈ ദുരന്തകാലത്ത് താങ്ങാനുള്ള ശേഷിയില്ല.

Related posts