ബിജു ഇത്തിത്തറ
കടുത്തുരുത്തി: നിർധനരായ കിഡ്നി, കാൻസർ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ക്വിറ്റും കാൻസർ രോഗികൾക്കു ധനസഹായവും ലഭ്യമാക്കി മുട്ടുചിറയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ. മുട്ടുചിറയിലെ സാരഥി ഓട്ടോ ഡ്രൈവേഴ്സ് യൂണിറ്റാണ് നിർദ്ധന രോഗികൾക്ക് സഹായവുമായി എത്തിയത്.
പത്ത് പേർക്ക് ഡയാലിസിസ് ക്വിറ്റുകളും രണ്ട് കാൻസർ രോഗികൾക്കായി അയ്യായിരം രൂപ വീതവുമാണ് കൈമാറിയത്. മൂന്ന് വർഷമായി ഇത്തരത്തിൽ നിരവധി രോഗികൾക്ക് സഹായമെത്തിക്കാൻ ഇവർക്ക് കഴിഞ്ഞു. ഏല്ലാ മാസവും അയ്യായിരം രൂപയിൽ കുറയാത്ത സഹായം ഇവരുടെ നേതൃത്വത്തിൽ നിർദ്ധനരായ രോഗികൾക്ക് നൽകുന്നുണ്ട്.
മുട്ടുചിറയിലെ 21 ഓട്ടോറിക്ഷ ഡ്രൈവർമാരാണ് സാരഥിയുടെ യൂണിറ്റിലുള്ളത്. ഓട്ടോറിക്ഷകളിൽ പ്രത്യേക പെട്ടി സ്ഥാപിച്ചാണ് ഇവർ സഹായത്തിനായി പണം കണ്ടെത്തുന്നത്. ഓട്ടത്തിനിടെ റിട്ടേണ് വരുന്പോൾ ലഭിക്കുന്ന പണമാണ് കൂടുതലായും പെട്ടിയിൽ നിക്ഷേപിക്കുന്നത്.
കൂടാതെ ഒരാൾ മാസം 250 രൂപയെങ്കിലും പെട്ടിയിൽ നിക്ഷേപിക്കണമെന്ന കർശന വ്യവസ്ഥയും ഇവർ പാലിക്കുന്നുണ്ട്. മുട്ടുചിറ കർമലീത്താ മഠത്തിൽ വച്ചു നടന്ന യോഗത്തിൽ റൂഹാദകുദിശാ ഫൊറോനാ പള്ളി വികാരി ഫാ.ജോസഫ് ഇടത്തുംപറന്പിൽ അധ്യക്ഷത വഹിച്ചു.
എച്ച്ജിഎം ഹോസ്പിറ്റൽ ഡയറക്ടർ ഫാ.അലക്സ് പണ്ടാരക്കാപ്പിൽ, ഫാ.സെബാസ്റ്റ്യൻ മുണ്ടുമൂഴിക്കര, പഞ്ചായത്ത് മെന്പർ മാത്യു ജി.മുരിക്കൻ, മദർ സുപ്പീരിയർ സിസ്റ്റർ എത്സി മരിയ, ഇവരുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശവും നേതൃത്വവും നൽകുന്ന സാരഥിയുടെ മുട്ടുചിറ യൂണിറ്റിന്റെ ആനിമേറ്റർ സിസ്റ്റർ ശാന്തി, ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് ബേബി കൊല്ലപ്പള്ളി, ടോമി മഠത്തിക്കുന്നേൽ, റെജി പുല്ലൻകുന്നേൽ എന്നിവർ പ്രസംഗിച്ചു.