ഷാജിമോന്‍ ജോസഫ്
കൊച്ചി: എല്‍ജെഡി (ലോക് താന്ത്രിക് ജനതാദള്‍) കേരള ഘടകത്തെ പ്രതിസന്ധിയിലാക്കി അഖിലേന്ത്യാ നേതാവ് ശരത് യാദവും കൂട്ടരും ആര്ജെഡിയി (രാഷ്ട്രീയ ജനതാദള്‍)ലേക്ക്.
ഞായറാഴ്ച ശരത് യാദവും കൂട്ടരും തേജസ്വി യാദവിന്റെ ആര്‍ജെഡിയില്‍ ലയിക്കും. ശരത് യാദവിന്റെ തീരുമാനം എല്‍ജെഡി സംസ്ഥാന ഘടകത്തെ അനിശ്ചിതത്വത്തിലും ആശയക്കുഴപ്പത്തിലുമാക്കിയിരിക്കുകയാണ്.
ഇപ്പോള്‍തന്നെ ഗണ്യമായി ശക്തി ചോര്‍ന്ന പാര്‍ട്ടിക്ക് ഇതു വലിയ തിരിച്ചടിയാകുമെന്ന വികാരമാണ് നല്ലൊരു വിഭാഗം നേതാക്കള്‍ക്കും അണികള്‍ക്കുമുള്ളത്.
എല്‍ജെഡിയില്‍നിന്ന് ഷേക്ക് പി. ഹാരീസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം അടുത്തയിടെ സിപിഎമ്മില്‍ ലയിച്ചതിനു പിന്നാലെ ഏറ്റവും പ്രമുഖനായ ദേശീയ നേതാവും കൂടുമാറുന്നതോടെ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ചോദിച്ചതൊന്നും കിട്ടിയില്ല
ഇതിനിടെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന രാജ്യസഭാ സീറ്റ് കിട്ടാതിരുന്നതും എല്‍ജെഡിക്കു ക്ഷീണമായി.
രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം കിട്ടാതിരുന്നതിനുപിന്നാലെ ഇപ്പോള്‍ രാജ്യസഭാ സീറ്റും നിഷേധിക്കപ്പെട്ടത് പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങള്‍ പങ്കുവച്ചപ്പോഴും കാര്യമായ പ്രാതിനിധ്യം കിട്ടിയില്ല. എന്നും എല്ലാറ്റിലും വിട്ടുവീഴ്ച ചെയ്തതാണ് പാര്‍ട്ടിയെ ഈ നിലയില്‍ ദുര്‍ബലമാക്കിയതെന്നാണ് പ്രധാന ആക്ഷേപം.
സിപിഎമ്മില്‍ ലയിച്ച ഷേക്ക് പി. ഹാരീസിനോടും കൂട്ടരോടുമുള്ള പരിഗണനയും ഇടതുഘടക കക്ഷിയാണെങ്കില്കൂടി എല്‍ജെഡിക്കു പ്രതീക്ഷിക്കാനാവില്ലെന്നും പാര്‍ട്ടിക്ക് ഇന്നത്തെ നിലയില്‍ മുന്നോട്ടുപോവുക ദുഷ്കരമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനാല്‍ ശരത് യാദവിനൊപ്പം ആര്‍ജെഡിയിലോ അതല്ലെങ്കില്‍ ജനതാദള്‍-എസിലോ ലയിക്കണമെന്നാണ് ഇക്കൂട്ടരുടെ നിലപാട്.
യഥാസമയം ഉചിതമായ തീരുമാനം
വിഷയം ചര്‍ച്ച ചെയ്യാനും ഭാവി പരിപാടികള്‍ ആലോചിക്കാനുമായി ഇന്നലെ എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാര്‍ സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗം ഓണ്‍ലൈനായി വിളിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം സോഷ്യലിസ്റ്റുകള്‍ ഭിന്നിക്കാതിരിക്കാന്‍ ദേശീയതലത്തില്‍ ആരംഭിച്ചിട്ടുള്ള പരിശ്രമങ്ങളെ പാര്‍ട്ടി വിലയിരുത്തി യഥാസമയം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് യോഗത്തിനുശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്കുന്ന സൂചന.
സോഷ്യലിസ്റ്റ് ചേരികള്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നുവന്നു.
അതൃപ്തി അണപൊട്ടുന്നു
രാജ്യസഭയില്‍ ഒഴിവുവന്ന രണ്ടു സീറ്റില്‍ എല്‍ജെഡി വഹിച്ചിരുന്ന സീറ്റ് പാര്‍ട്ടിക്ക് നിഷേധിച്ചതില്‍ യോഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി.
എല്‍ഡിഎഫിന്റെ അച്ചടക്കം പാലിച്ച് മുന്നണി യോഗങ്ങളില്‍ മാത്രം നയപരമായ കാര്യങ്ങള്‍ പറയുന്ന എല്‍ജെഡിയെ തഴഞ്ഞ് വിവാദ വിഷയങ്ങളില്‍ പരസ്യപ്രസ്താവന നടത്തുന്ന പാര്‍ട്ടിയെ പ്രീതിപ്പെടുത്താനായി രാജ്യസഭാ സീറ്റ് വിട്ടു കൊടുത്തത് തെറ്റായ കീഴ്വഴക്കമാണെന്ന് സിപിഐയെ പരോക്ഷമായി ഉന്നംവച്ച്, യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.