തൃശൂർ: എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകനും പ്രമുഖ ആർക്കിടെക്ടുമായ പി.കെ. ശ്രീനിവാസന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇരുപതു ലക്ഷത്തിലധികം രൂപ സൈബർ തട്ടിപ്പു വഴി നഷ്ടമായതായി പരാതി. ഇതുമായി ബന്ധപ്പെട്ട് പി.കെ. ശ്രീനിവാസൻ സൈബർ സെല്ലിൽ പരാതി നൽകി.
ശ്രീനിവാസന്റെ ബിഎസ്എൻഎൽ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. കാനറ ബാങ്ക് അക്കൗണ്ടിൽ നിന്ന് 20, 25,000 രൂപയാണ് നഷ്ടമായത്.
ശനിയാഴ്ചയാണ് തട്ടിപ്പു നടന്നത്.
കൺസ്ട്രക്ഷൻ സ്ഥാപനം നടത്തുന്ന ശ്രീനിവാസൻ ജിഎസ്ടി ഇടപാടുകൾക്കായി പണം ട്രാൻസ്ഫർ ചെയ്യാൻ നോക്കിയപ്പോഴാണ് 20 ലക്ഷത്തിലധികം രൂപയുണ്ടായിരുന്ന അക്കൗണ്ട് കാലിയായതായി മനസിലായത്. തട്ടിപ്പു പുറത്തറിഞ്ഞതും അപ്പോഴാണ്.
തളിപ്പറന്പിലായിരുന്ന ശ്രീനിവാസന്റെ ബിഎസ്എൻഎൽ നന്പർ ബ്ലോക്ക് ആയതിനെ തുടർന്ന് ഇൻകമിംഗ് – ഒൗട്ട്ഗോയിംഗ് കോളുകൾ പോയിരുന്നില്ല.
ശ്രീനിവാസന്റെ ഈ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് തട്ടിപ്പു സംഘം ആലുവ ബിഎസ്എൻഎൽ ഓഫീസിൽ നിന്നും വാങ്ങിയിട്ടുള്ളതായി അന്വേഷണത്തിൽ മനസിലായി.
ശ്രീനിവാസന്റെ ആധാർ കാർഡിന്റെ വ്യാജ പകർപ്പിൽ അദ്ദേഹത്തിന്റെ ഫോട്ടോ മാറ്റി മറ്റൊരാളുടേത് വച്ച ശേഷമാണ് ഡ്യൂപ്ലിക്കേറ്റ് സിം കാർഡിന് അപേക്ഷ നൽകിയിരിക്കുന്നതെന്നും സൈബർ അന്വേഷണത്തിൽ വ്യക്തമായി.
തുടർന്നാണ് ശ്രീനിവാസന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു രണ്ടു തവണയായി നാലു ട്രാൻസാക്ഷനുകളിലൂടെ പണം തട്ടിയത്.
ശനിയാഴ്ച രാവിലെ അഞ്ചിനും ഏഴിനുമാണ് ട്രാൻസാക്ഷനുകൾ നടത്തിയിരിക്കുന്നത്. ഉത്തരേന്ത്യക്കാരനായ ഒരാളുടെ പേരിലേക്കാണ് പണം പോയിരിക്കുന്നതെന്നും സന്ദേശം കിട്ടിയിട്ടുണ്ട്.
എന്നാൽ ഇത് വ്യാജ പേരും അക്കൗണ്ടുമാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. സാധാരണയായി ഇത്തരം തട്ടിപ്പുകേസുകളിൽ വ്യാജ പേരും അക്കൗണ്ടുമാണ് തട്ടിപ്പുകാർ ഉപയോഗിക്കാറുള്ളത്.
സാറാ ജോസഫിന്റെ മകളും എഴുത്തുകാരിയുമായ സംഗീതയുടെ ഭർത്താവാണ് ശ്രീനിവാസൻ. പണം നഷ്ടപ്പെട്ട കാര്യം അറിയിച്ചപ്പോൾ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നു തണുത്ത പ്രതികരണമാണുണ്ടായതെന്നു ശ്രീനിവാസൻ പറഞ്ഞു.
കഴിഞ്ഞ 20 വർഷത്തിലേറെയായി അക്കൗണ്ടുള്ള ബാങ്കാണിതെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.