ചെറായി: തനിച്ച് താമസിക്കുന്ന വയോധികയ്ക്കും രോഗിയായ മകൾക്കും തീരദേശപരിപാലനത്തിന്റെ പേരു പറഞ്ഞ് വീടിനുള്ള ധനസഹായവും എൻഓസിയും നൽകുന്നില്ലെന്ന് ജില്ലാകളക്ടർക്ക് പരാതി നൽകി. പള്ളിപ്പുറം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോണ്ഗ്രസ് ഐ പള്ളിപ്പുറം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് വി.എസ്. സോളിരാജ് ആണ് പരാതി നൽകിയത്.
ഇരുപതാംവാർഡിൽ ആലുങ്കൽ സരളയും മകളുമാണ് തീരദേശപരിപാലന നിയമത്തിൽ കുരുങ്ങി വീടുവെക്കാൻ കഴിയാതെ നെട്ടോട്ടമോടുന്ന ഈ ഹതഭാഗ്യർ. രണ്ട് വർഷം മുന്പാണ് ഇവർക്ക് ഭവനപദ്ധതിയുടെ സഹായം അനുവദിച്ച് പാസായത്.
ഇതിനു മുന്പായി സഹകരണബാങ്കിൽ നിന്നും വായ്പയെടുത്ത് ഇവർ തറ കെട്ടിയെങ്കിലും തീരദേശപരിപാലനത്തിന്റെ പേരു പറഞ്ഞ് ഇവർക്ക് പഞ്ചായത്തിൽ നിന്നും സഹായം നൽകിയില്ല. ഇതിനിടെ കളക്ടറുടെ പ്രത്യേക ഉത്തരവിനു വേണ്ടി പഞ്ചായത്ത് മുഖേന അപേക്ഷ നൽകിയെങ്കിലും വിധവയാണെന്നും രോഗിയായ മകളുണ്ടെന്നും പരാമർശിച്ച് വേണ്ടവിധത്തിൽ പഞ്ചായത്ത് റിപ്പോർട്ട് നൽകാതിരുന്നതിനാൽ പരിഗണിച്ചില്ല.
ഇപ്പോൾ അശരണരായ ഈ അമ്മയേയും മകളെയും പഞ്ചായത്ത് നിഷ്കരുണം ബുദ്ധിമുട്ടിപ്പിക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ വർഷങ്ങൾക്ക് മുന്പ് തറ കെട്ടാൻ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണിയിലുമാണ്.