ചെറായി: ദാരിദ്യ്രത്താൽ വാടകവീട്ടിൽ കഴിയുന്ന വയോധികയായ അമ്മയേയും രോഗിയായ മകളേയും തീരദേശ പരിപാലന നിയമത്തിന്റെ പേരു പറഞ്ഞ് ഭവന പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നതായി പരാതി. അതേ സമയം എല്ലാ നിയമങ്ങളും ലംഘിച്ച് രക്തേശ്വരി ബീച്ചിൽ സ്വകാര്യ വ്യക്തി കോടികൾ ചെലവിഴിച്ച് കൊട്ടാര സമാനമായ വീട് നിർമിക്കുന്നതിനു പഞ്ചായത്തിനു യാതൊരു വിശദീകരണവുമില്ലെന്ന് പരാതി ഉന്നയിക്കുന്നവർ പറയുന്നു.
പള്ളിപ്പുറം പഞ്ചായത്തിൽ 20-ാം വാർഡിൽ ആലിങ്കൽ സരളയേയും മകൾ സംഗീതയേയുമാണ് പഞ്ചായത്ത് വലയ്ക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുന്പ് സഹകരണ ബാങ്കിൽനിന്നു ലോണെടുത്ത് വീടിനു അടിത്തറ നിർമിച്ച ഇവർ ലൈഫ് പദ്ധതിപ്രകാരം വീട് വയ്ക്കാൻ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ട് നാളുകളായി. തീരദേശപരിപാലന നിയമത്തിന്റെ കുരുക്ക് പറഞ്ഞ് പഞ്ചായത്ത് ഇവരെ പരിഗണിക്കുന്നില്ല.
യാതൊരു സുരക്ഷയും ഇല്ലാതെ വാടക വീട്ടിൽ കഴിയുന്ന ഇവർക്ക് ഇപ്പോൾ വാടക കൊടുക്കാൻ പോലും നിർവാഹമില്ല. ബാങ്കിൽനിന്ന് എടുത്ത ലോണ് തിരിച്ചടക്കാൻ കഴിയാതെ വന്നപ്പോൾ പലിശകൂടി തുക ഇരട്ടിയായി. രക്തേശ്വരി ബീച്ചിൽ അനധികൃതമായി നിർമ്മിക്കുന്ന കെട്ടിടം സംബന്ധിച്ച് പഞ്ചായത്തിൽ യാതൊരു രേഖയുമില്ലന്നാണ് കോണ്ഗ്രസ്-ഐ ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളി രാജ് പഞ്ചായത്തിൽനിന്നു വിവരാവകാശ നിമയപ്രകാരം സന്പാദിച്ച രേഖകളിൽ പറയുന്നത്.
പള്ളിപ്പുറം പഞ്ചായത്തിൽ മുനന്പം, ചെറായി ബീച്ചുകളിൽ നിർമ്മിച്ചിട്ടുള്ളതും, നിർമ്മാണത്തിൽ ഇരിക്കുന്നതുമായ കെട്ടിടങ്ങൾ പലതും അനധികൃതങ്ങളാണെന്ന് പരാതിക്കാർ പറയുന്നു. പാവപ്പെട്ട തീരദേശവാസികൾ വീട് നിർമ്മാണത്തിന് അപേക്ഷ സമർപ്പിക്കുന്പോൾ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്ന പഞ്ചായത്ത് അധികൃതർ സന്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതി നടപ്പാക്കുന്നതിനെതിരേ ശക്തമായ ജനരോക്ഷമാണ് ഇവിടെ നിലനിൽക്കുന്നത്.
ഈ സാഹചര്യത്തിൽ പള്ളിപ്പുറത്തെ അനധികൃത നിർമ്മാണത്തെകുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോണ്ഗ്രസ്-ഐ ബ്ലോക്ക് പ്രസിഡന്റ് ആവശ്യപ്പെട്ടു.