തലയോലപ്പറമ്പ്: കുളിക്കുന്നതിനിടയില്‍ കാല്‍വഴുതി ആറ്റില്‍ വീണ വയോധികയെ നാല് മണിക്കൂറുകള്‍ക്കുശേഷം നാട്ടുകാരും പോലീസും ചേര്‍ന്നു രക്ഷപ്പെടുത്തി. വെള്ളൂര്‍ ഇറുമ്പയം തണ്ണിപ്പള്ളി വീട്ടില്‍ സാറാമ്മയെ(65) യാണ് രക്ഷപ്പെടുത്തിയത്. ഇതിനിടെ മുങ്ങിയും പൊങ്ങിയും സാറാമ്മ വെള്ളത്തിലൂടെ സഞ്ചരിച്ചത് മൂന്നു കിലോമീറ്റര്‍.
ഇന്നലെ രാവിലെ 7.30നു മുവാറ്റുപുഴയാറ്റില്‍ വെള്ളൂര്‍ തണ്ണിപ്പള്ളി കടവില്കുളിക്കുന്നതിനിടയില് വീണ ഇവര്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ മുങ്ങിയും പൊങ്ങിയും നാല് മണിക്കൂര്‍ മരണത്തെ മുഖാമുഖം കണ്ട് മുവാറ്റുപുഴയാറ്റിലൂടെ ഒഴുകി മൂന്നു കിലോമീറ്റര്‍ അകലയുള്ള പാറയ്ക്കല്കടവിലെത്തി. അനക്കമില്ലാതെ ഒരു സ്ത്രീ വെള്ളത്തിലൂടെ ഒഴികിവരുന്നതുകണ്ട് ഇവിടെ കുളിച്ചുകൊണ്ടിരുന്ന സ്ത്രീകള്‍ ആദ്യമൊന്നു ഞെട്ടിയെങ്കിലും സൂഷ്മമായി നോക്കിയപ്പോഴാണ് അനക്കമുള്ളതായി ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്നു നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ച് തലയോലപ്പറമ്പ് പോലീസ് വള്ളത്തിലെത്തി രക്ഷപെടുത്തുകയായിരുന്നു. ഈ സമയത്തിനുള്ളില്‍ കടുത്തുരുത്തിയില്‍നിന്നും ഫയര്‍ യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. തുടര്‍ന്നു ബന്ധുക്കളെ വിവരമറിയിച്ച് അവരോടൊപ്പം സാറാമ്മയെ പറഞ്ഞുവിട്ടു.