കോട്ടയം: ഫോണ് ചെയ്യുന്നതിനെച്ചൊല്ലി തർക്കത്തിൽ വീട്ടമ്മ വെട്ടേറ്റു മരിച്ചു. വീട്ടമ്മയെ ആക്രമിച്ച ശേഷം സ്വന്തം വൃക്ഷണം മുറിച്ച നിലയിൽ ഭർത്താവിനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീനടം മാളികപ്പടി കങ്ങഴക്കുന്ന് കണ്ണൊഴുക്കത്ത് ജോയി തോമസാ(52)ണ് ഭാര്യ സാറാമ്മ (എൽസി-52) വെട്ടിക്കൊലപ്പെടുത്തിയത്. ജോയി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു മീനടം മാളികപ്പടി കങ്ങഴക്കുന്നിലെ വീട്ടിലായിരുന്നു സംഭവം. പാന്പാടിയിലെ ഒരു അച്ചാറ് കന്പനിയിലെ ജീവനക്കാരിയാണ് സാറാമ്മ. ഇന്നലെ ഇവർ ജോലിക്കു പോയിരുന്നില്ല. രാവിലെ മുതൽ ജോയിയും സാറാമ്മയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി സാറാമ്മയ്ക്കു വരുന്ന ഫോണ്കോളുകൾ എടുക്കരുതെന്നു ജോയി നിർദേശിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെ ജോയി ഭക്ഷണം കഴിച്ചശേഷം വിശ്രമിക്കുന്പോൾ സാറാമ്മയുടെ ഫോണ് ബെല്ലടിച്ചു. ഇതുകേട്ട് ജോയി ഓടിയെത്തി. ഫോണ് വിളിക്കുന്നത് ആരെയാണെന്നു ചോദിച്ച് ഇരുവരും തർക്കമുണ്ടായി.
തുടർന്ന് അടുക്കളയിലിരുന്ന കോടാലി ഉപയോഗിച്ചു ജോയി ഇവരെ വെട്ടി. സാറാമ്മ അലറിക്കരയുന്നതു കേട്ട് അയൽവാസികൾ ഓടിയെത്തി. കോടാലി വീശി ഇയാൾ നാട്ടുകാരെയും ഭയപ്പെടുത്തി. തുടർന്നു പലതവണ സാറാമ്മയെ വെട്ടി. തുടർന്ന് സ്വന്തം വൃക്ഷണം കത്തി ഉപയോഗിച്ചു മുറിച്ചെടുത്തു വലിച്ചെറിഞ്ഞു.
രക്തത്തിൽ കുളിച്ചു കിടന്ന സാറാമ്മയുടെ ശരീരത്തിനു മുകളിൽ കത്തിയുമായി കയറിക്കിടന്ന ജോയിയെ മാറ്റാനായി നാട്ടുകാർ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. സ്ഥലത്തെത്തിയ പോലീസ് സംഘത്തെയും ആക്രമിക്കാൻ ശ്രമിച്ചു. പോലീസുകാർ ജോയിയുടെ ചിത്രം എടുക്കാൻ ശ്രമിച്ച് ഇയാളുടെ ശ്രദ്ധ തിരിച്ചു.
അപ്പോൾ നാട്ടുകാർ പിന്നിലൂടെ എത്തി ജോയിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ ബലം പ്രയോഗിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വൃക്ഷണം മുറിച്ചു മാറ്റിയതിനെത്തുടർന്ന് ജോയി രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിലാണ്. സാറാമ്മയുടെ മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടിക്കുശേഷം മോർച്ചറിയിലേക്കു മാറ്റി. ജോയിക്കു കൃഷിപ്പണിയാണ്.
മദ്യലഹരിയിൽ ജോയി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പോലീസിനോടു പറഞ്ഞു. ഇവർക്കു രണ്ടു പെൺമക്കളാണുള്ളത്. സാറാമ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടു നൽകും.