തിരുവനന്തപുരം: കോവിഡ് വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന ഓരോ രോഗിക്കും സാന്ത്വനമാകുന്നതിനൊപ്പം ജനങ്ങളെ ജാഗരൂകരാക്കാൻ അവർ പാടുകയാണ്. ‘ലോക രാജ്യത്തെങ്ങോ പൊങ്ങിയ കൊറോണ യെന്നൊരു വൈറസ് ഇന്ന് നാട്ടിലാകെ ഭീതി പരത്തി മരണമങ്ങനെ കൂടുന്നേ…’
എസ് എ ടി ആശുപത്രിയിലെ ജീവനക്കാരുടെ കലാ സംഘടനയായ ‘സാരംഗി’ലെ കലാകാരന്മാർ തയാറാക്കിയ കൊറോണ വൈറസിനെക്കുറിച്ചുള്ള ഗാനങ്ങൾ ഇന്ന് സാമൂഹിക മാധ്യമങ്ങൾ നെഞ്ചേറ്റിയിരിക്കുകയാണ്.
ആശുപത്രിക്കകത്ത് കോവിഡ് രോഗികൾക്കായി വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്നതിനൊപ്പം ലോകമാകെ ഗ്രസിച്ച മഹാമാരിക്കെതിരെ സംഗീതത്തെ കൂട്ടുപിടിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ നടത്തുന്ന വേറിട്ട മാർഗവും ഇന്ന് ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
ഗ്രേഡ് വണ്‍ അറ്റന്‍ഡറായ എം എൻ ഗീത രചിച്ച് സൂപ്രണ്ട് ഓഫീസ് ജീവനക്കാരൻ ജോമി ജോണ്‍ സംഗീത സംവിധാനം നിർവഹിച്ച മൂന്നു ഗാനങ്ങളാണ് സോഷ്യൽ മീഡിയയിലൂടെയും എസ്എടി യിലെ ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് സംവിധാനം വഴിയും വൻപ്രചാരം നേടിയിരിക്കുന്നത്.
ജോമിജോണ്‍, ജോയ് സി പള്ളിത്തറ, സുധാകുമാരി, സരിതാവിനോദ്, സന്ധ്യാ രാജീവ് എന്നിവരാണ് പാടിയിരിക്കുന്നത്. ജീവനക്കാർ ജോലിക്കിടയിൽ നേരിടുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ജീവനക്കാരുടെ കലാവാസനകൾ പ്രോ ത്സാഹിപ്പിയ്ക്കുന്നതിനും ലക്ഷ്യമിട്ട് അഞ്ചു വർഷം മുന്‍പാണ് ഈ കലാവേദിക്ക് തുടക്കമിട്ടത്.
എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ (പ്രസിഡന്റ് ) ഡോ എം ഐ ഗീത (ചെയർപേഴ്സണ്‍), സുധാകുമാരി (സെക്രട്ടറി) എന്നിവരാണ് സാരംഗിന്റെ ഭാരവാഹികൾ.
പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിന് വേണ്ടി ജോയ് സി പള്ളിത്തറ, സവിതാദേവി എന്നിവർ കോർഡിനേറ്റർമാരാണ്. കൂടാതെ 16 അംഗ കാര്യനിർവ്വഹണ സമിതിയും നിലവിലുണ്ട്