തിരുവില്വാമല: യുഎസിലെ ഹുസ്റ്റൺ എൻആർജി സ്റ്റേഡിയത്തിൽ നടന്ന ഹൗഡി മോദി സ്വീകരണ പരിപാടിയിൽ പതിമൂന്നുകാരനായ മലയാളി ബാലൻ ശ്രദ്ധേയനായി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചിത്രങ്ങൾ സ്വയം വരച്ച് പ്ലക്കാർഡുമേന്തി വന്ന സാരംഗ് എന്ന ബാലനാണ് സ്റ്റേഡിയത്തിൽ താരമായത്.
സാരംഗിന്റെ ചിത്രങ്ങൾ സ്റ്റേഡിയത്തിലും സോഷ്യൽ മീഡിയയിലും ചർച്ചയായി. തിരുവില്വാമല നവനീതിൽ നമിതയുടെയും ഹരികേശവന്റെയും മകനാണ് അപ്പുവെന്നു വിളിക്കുന്ന സാരംഗ്. മോദിയുടെയും ട്രംപിന്റെയും ചിത്രങ്ങളുമായി സ്റ്റേഡിയത്തിൽ സാരംഗ് നിൽക്കുന്ന ചിത്രം റോയിട്ടേഴ്സാണ് പുറത്തുവിട്ടത്. ഹരിയും നമിതയും രണ്ട് ആൺമക്കളുമടങ്ങുന്ന കുടുംബം യുഎസിലാണ് താമസം.