കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യയുടെ കാമുകൻ ചോദ്യംചെയ്യലിന് ഹാജരായി.
ഇന്നലെ വൈകുന്നേരം 5.15 ഓടെയാണ് വലിയന്നൂർ സ്വദേശിയായ യുവാവ് സിറ്റി പോലീസ് സ്റ്റേഷനിൽ ഹാജരായത്. സിറ്റി സിഐയുടെ നേതൃത്വത്തിൽ രാത്രി ഏഴുവരെ ഇയാളെ ചോദ്യം ചെയ്തു.
പ്രാഥമികാന്വേഷണത്തിൽ യുവാവിനെ പ്രതിചേർക്കാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. യുവാവിനോട് കഴിഞ്ഞ ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞെങ്കിലും സ്ഥലത്തില്ലെന്ന കാരണത്താൽ എത്തിയിരുന്നില്ല.
തുടർന്നാണ് ഇന്നലെ ഹാജരാകാൻ നോട്ടീസ് നൽകിയത്. യുവാവിനെ നേരത്തെ പോലീസ് ചോദ്യംചെയ്തിരുന്നു. ഫോൺസംഭാഷണത്തിലെ ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇയാളെ വീണ്ടും ചോദ്യംചെയ്തത്.
ഒന്നരവയസുകാരൻ വിയാന്റെ കൊലപാതകം നടക്കുന്നതിന്റെ തലേദിവസം പുലർച്ചെ ദുരൂഹസാഹചര്യത്തിൽ തയ്യിൽ കടപ്പുറത്ത് ഇയാളെ കണ്ടതായി നാട്ടുകാർ മൊഴിനൽകിയിരുന്നു.