കണ്ണൂർ: അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന ഒന്നരവയസുകാരനെ കൊലപ്പെടുത്തി കടപ്പുറത്ത് ഉപേക്ഷിച്ചത് അമ്മയാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞതോടെ കുഞ്ഞിന്റെ മരണം സംബന്ധിച്ച വസ്തുത നേരിട്ടുപരിശോധിക്കാൻ ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം സന്ദർശിച്ചു.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള, ഡോ. ഹേമന്ത് എന്നിവരാണ് തയ്യിൽ കൊടുവള്ളി ഹൗസിലെ ശരണ്യ-പ്രണവ് ദന്പതികളുടെ മകൻ വിയാനിനെ കൊലപ്പെടുത്തിയ തയ്യിൽ കടപ്പുറത്തെത്തി പരിശോധന നടത്തിയത്.
കുട്ടിയെ പാറക്കെട്ടിൽ എറിഞ്ഞാലുണ്ടാകുന്ന പരിക്ക് എങ്ങനെയാകാം, പരിക്കിന്റെ സ്വഭാവം, പാറക്കെട്ടിനുമുകളിൽ വീണാൽ എങ്ങനെയായിരിക്കും പരിക്ക് തുടങ്ങിയ കാര്യങ്ങൾ നേരിട്ടുമനസിലാക്കുന്നതിനായി സിറ്റി സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ. സതീശൻ ആവശ്യപ്പെട്ടതിന്റെകൂടി അടിസ്ഥാനത്തിലാണ് ഇരുവരും എത്തിയത്.
നേരത്തെ സിറ്റി സ്റ്റേഷനിലെത്തിയ ഫോറൻസിക് ഉദ്യോഗസ്ഥർ ഇൻസ്പെക്ടറുമായി കാര്യങ്ങൾ സംസാരിച്ചിരുന്നു കേസിൽ അറസ്റ്റിലായി റിമാൻഡിലായ ശരണ്യയെ കണ്ണൂർ സെൻട്രൽ ജയിലിനോടു ചേർന്നുള്ള വനിതാ ജയിലിലെ റിമാൻഡ് തടവുകാർ കഴിയുന്ന ഡോർമെറ്ററിയിലാണ് പാർപ്പിച്ചിരിക്കുന്നത്.
ഇവരുടെ മാനസികാവസ്ഥ പരിഗണിച്ച് ജയിലിൽ പ്രത്യേക സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ വാർഡൻമാർക്ക് ചുമതല നൽകിയിട്ടുണ്ട്.
മാനസികനില മെച്ചപ്പെടുത്തുന്നതിനുള്ള കൗൺസലിംഗും ശരണ്യയ്ക്ക് നൽകും. സ്വന്തം മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ പിണറായിലെ സൗമ്യ ജയിലിൽ ആത്മഹത്യചെയ്ത സാഹചര്യത്തിലാണ് ശരണ്യയുടെ കാര്യത്തിൽ ജയിലധികൃതർ ജാഗ്രത തുടരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് വീടിന്റെ പിന്നാന്പുറത്തുകൂടെ കുഞ്ഞുമായി കടൽത്തീരത്തെത്തിയ ശരണ്യ കുഞ്ഞിനെ പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയത്.
തലയ്ക്കു ക്ഷതമേറ്റ കുഞ്ഞ് കരഞ്ഞതോടെ വായ് പൊത്തിപ്പിടിച്ചശേഷം വെള്ളത്തിലേക്കിട്ട് മരണം ഉറപ്പുവരുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പിന്നീട് ശരണ്യയുടെ വീട്ടിൽനിന്ന് നൂറുമീറ്റർ അകലെ കടപ്പുറത്ത് പാറക്കെട്ടിനിടയിലാണ് കുഞ്ഞിന്റെ മൃതദേഹം കാണുന്നത്.