അമ്മയുടെ മീറ്റിംഗില്‍ കഴിഞ്ഞ ദിവസം പങ്കെടുത്ത ശരണ്യ മോഹന്‍ മീറ്റിംഗിലെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രചാരണമാണ് നടന്നത്. ശരണ്യ മൂന്നാമതും ഗര്‍ഭിണിയായി എന്നായിരുന്നു പ്രചാരണം.
ഇതിനെതിരേ ശക്തമായി രംഗത്തു വന്നിരിക്കുകയാണ് ശരണ്യ. ബോഡി ഷെയിമിംഗും വ്യാജ വാര്‍ത്തകളും ഉണ്ടാക്കിയവര്‍ക്കെതിരേ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് ശരണ്യ വ്യക്തമാക്കി.
ഇതില്‍ മിണ്ടാതിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഒരഭിമുഖത്തില്‍ നടി പറഞ്ഞു. “”ഞാന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന വ്യാജ വാര്‍ത്ത വന്നപ്പോള്‍ ഗൗരവത്തിലെടുക്കാതെ വിട്ടുകളയാമെന്നാണ് കരുതിയത്.
എന്നാല്‍ പ്രതികരിക്കണമെന്ന് പിന്നീട് തോന്നി. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേയാണ് കേസ് നല്‍കിയത്.
കണ്ടന്റ് വായിക്കാതെ തലക്കെട്ട് മാത്രം വായിച്ചാണ് ഇവര്‍ തോന്നുന്നതൊക്കെ കമന്റായി ഇടുന്നത്.
വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനുള്ളതാണ്. പക്ഷേ, ഇത്തരക്കാര്‍ അതിനെ ദുരുപയോഗം ചെയ്യുകയാണ്. ഇവരെ അങ്ങനെ പിന്നണിയില്‍ നിന്ന് കളിക്കാന്‍ അനുവദിക്കില്ല.
അവരുടെ മുഖം പുറത്തുകൊണ്ടുവരണം. എന്റെ വ്യക്തിപരമായ കാര്യങ്ങളാണ് ഇവര്‍ സംസാരിക്കുന്നത്. നേരത്തെ ഇത്തരം വാര്‍ത്തകള്‍ അവഗണിക്കാറായിരുന്നു പതിവ്.
അതു പക്ഷേ, എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരെ ബാധിക്കാറുണ്ട്. അതുകൊണ്ട് ഇത്തവണ പ്രതികരിച്ചു.
വാര്‍ത്തകള്‍ ശരിയാണെങ്കിലാണു പ്രചരിപ്പിക്കേണ്ടത്. മനസുഖത്തിനോ വരുമാനത്തിനോ വേണ്ടി എന്തിനാണ് കള്ളം പ്രചരിപ്പിക്കുന്നത്.
ഈ കേസ് കൊടുത്തതുകൊണ്ട് വ്യാജ വാര്‍ത്തകള്‍ നല്കുന്നവരെയും അത് വായിച്ച് മനസുഖം കിട്ടുന്നവരെയുമൊന്നും നന്നാക്കാനാവുമെന്ന വിശ്വാസത്തിലൊന്നുമല്ല ഞാനുള്ളത്.
പക്ഷേ, ജീവിതത്തിലും ചെയ്യുന്ന കാര്യത്തിലും എത്തിക്സ് എന്ന കാര്യമുണ്ട്. അത് പലപ്പോഴും ഇവര്‍ മറന്നുപോവുകയാണ്. അതൊന്ന് ഓര്‍മിപ്പിക്കാനാണ് പ്രതികരിച്ചത്.
ഇവരുടെ പിന്നാലെ നടന്ന് ഉപദേശിച്ച് നന്നാക്കാന്‍ നമുക്കാവില്ല. അവര്‍ തെറ്റ് തിരിച്ചറിയുകയാണു വേണ്ടത്.
ഇത്തരക്കാരെ കുടുക്കാന്‍ ശക്തമായ നിയമം വേണം. ഇനി ഈ വിഷയത്തില്‍ പ്രതികരിച്ചാലും പ്രശ്നമുണ്ട്. ഞങ്ങളുടെ കാശു കൊണ്ടാണ് നിങ്ങള്‍ ജീവിക്കുന്നതെന്നാണ് എന്നാണ് ചോദിക്കുക.
സിനിമാക്കാര് മാത്രമാണോ അങ്ങനെ ജീവിക്കുന്നത്. ഈ ചോദ്യം ഒരു ഡോക്ടറോടോ, അധ്യാപകനോടോ, എഞ്ചിനീയറോടോ മാധ്യമപ്രവര്‍ത്തകനോടോ ചോദിക്കാത്തത് എന്തുകൊണ്ടാണ്.
മറ്റുള്ളവര്‍ സേവന മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കലാകാരന്മാര് വിനോദ മേഖലയിലും എന്നേയുള്ളൂ. ആളുകള്‍ രസിപ്പിക്കുന്ന ജോലിയാണ് ചെയ്യുന്നത്.
അതിനുള്ള പ്രതിഫലവും മറ്റുള്ള ജോലിയെ പോലെ കിട്ടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ മനസിലാക്കാതെയാണ് വിമര്‍ശം.
സ്വന്തം മുഖവും വ്യക്തിത്വം ഒളിപ്പിച്ചു വച്ചാണ് ഇവര്‍ വിദ്വേഷ പ്രചാരണം നടത്തുന്നത്. അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടാവുന്നതുവരെ അവരിതു തുടരും.
അറിവില്ലായ്മ മാത്രമല്ല ഈ കമന്റുകള്‍ക്ക് കാരണം. കേവലം മാനസിക സുഖത്തിന ു വേണ്ടി ഇവര്‍ തെറ്റില്‍ ഉറച്ച് നില്‍ക്കുകയാണ്.
വ്യാജ പ്രൊഫൈലുമായി ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടന്നാല്‍ നിയമം പണി തരുമെന്ന് ഭയമുണ്ടാവണം. പരാതികള്‍ ലഭിച്ചാല്‍ കാലതാമസമില്ലാതെ ഇത്തരം വ്യാജന്മാരെപൂട്ടണം.
അത്തരം നടപടികള്‍ വന്നാല്‍ ഇത്തരക്കാരുടെ സ്വഭാവവും മാറും. ആണ്കുട്ടിയായാലും പെണ്‍കുട്ടിയായാലും പരസ്പരം ബഹുമാനിക്കാന്‍ പഠിപ്പിക്കണം. മാറ്റം കുടുംബത്തില്‍ നിന്നാണു വേണ്ടത്.
സ്ത്രീകളെ ബഹുമാനിക്കണമെന്ന് ആണ്‍കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. ഓരോ മനുഷ്യനും മാനസികമായും ശാരീരികമായും വ്യത്യസ്തരാണ്.
നിറത്തിന്റെയും മുടിയുടെയും അഴകളവിന്റെയും കാര്യത്തില്‍ അപമാനിക്കാന്‍ പാടില്ല”- ശരണ്യ വ്യക്തമാക്കി.