രാത്രി 1.30 വരെ ശരണ്യ ഫോണില്‍ സംസാരിച്ചത് ആരോട്? കൂട്ടുകാരിയുടെ സഹോദരനായ കാമുകന്‍ ബ്ലാക്‌മെയില്‍ ചെയ്തിരുന്നതായി സൂചന, ശരണ്യയുടെ മരണത്തില്‍ സര്‍വത്ര ദുരൂഹത

sനെയ്യാറ്റിന്‍കരയില്‍ ബിഡിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. പെരുമ്പഴുതൂര്‍ വടകോട് ചെമ്മണ്ണുവിള ശ്രീഗുരുവില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയായ എസ്.ജെ. ശരണ്യ 2016 മെയ് 29നാണ് വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. ശരണ്യ മരിച്ച് ഒരു വര്‍ഷമാകുന്ന സമയത്തും പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ പോലീസ് ശ്രമിക്കാത്തതില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധത്തിലാണ്.

പഠനത്തില്‍ മുന്നിലായിരുന്ന ശരണ്യ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. പെണ്‍കുട്ടി ഉദിയന്‍കുളങ്ങര സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു. ഒരു കൂട്ടുകാരി വഴിയാണ് അവരുടെ സഹോദരനായ യുവാവുമായി ശരണ്യ പരിചയത്തിലായത്. അത് പിന്നീട് പ്രണയത്തിന് വഴിമാറി. ഫോണിലൂടെയും നേരിട്ടും ഇയാള്‍ ശരണ്യയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ശരണ്യയുടെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അറിവുണ്ടായിരുന്നില്ല. ശരണ്യയുടെ മരണശേഷം സഹപാഠികളില്‍ ചിലരില്‍ നിന്നാണ് കൂട്ടുകാരിയുടെ സഹോദരനുമായുള്ള അടുപ്പത്തെപ്പറ്റി വീട്ടുകാര്‍ക്ക് സൂചന ലഭിച്ചത്.

ശരണ്യ യുവാവില്‍നിന്നും മാനസികവും ശാരീരികവുമായ പീഡനം അനുഭവിക്കുകയായിരുന്നെന്നും ബ്ലാക്ക് മെയിലിംഗിന് വിധേയമായിട്ടുണ്ടെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. യുവാവിന്റെ ഫോണ്‍കോള്‍ വരുന്ന ദിവസങ്ങളില്‍ ശരണ്യ ഭയംകൊണ്ട് മുറിക്കുള്ളില്‍ ഇരിക്കുകയാണ് പതിവ്. ശരണ്യ മരണപ്പെട്ട ദിവസം രാത്രി 1.30 വരെ യുവാവ് ശരണ്യയെ നിരന്തരം ഫോണില്‍ വിളിച്ചതായും അപകടകരമായ എസ്എംഎസുകള്‍ അയച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ഫോണിലൂടെ സംസാരം അവസാനിപ്പിച്ച ശരണ്യ വെള്ളപേപ്പറില്‍ എന്തോ എഴുതുന്നതും വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അന്ന് അടച്ചിട്ടിരുന്ന മുറിയില്‍ നിന്ന് ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന വീട്ടുകാര്‍ കണ്ടത് ആത്മഹത്യചെയ്ത ശരണ്യയെയാണ്.

സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ നെയ്യാറ്റിന്‍കര പോലീസ് വീട്ടിലെത്തി. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥന്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനിടയില്‍ ശരണ്യയുടെ ഡയറി, മൊബൈല്‍ ഫോണ്‍, വെള്ളപേപ്പറില്‍ എഴുതിയ മൂന്ന് കത്തുകള്‍ എന്നിവ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശരണ്യയുടെ മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതു കാരണം വിവരം തിരക്കാന്‍ നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് അന്വേഷണം അട്ടിമറിക്കുകയാണെന്നും പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയാണെന്നും മനസിലായതെന്ന് ശശിഭൂഷണ്‍ പറയുന്നു. പ്രതിയായ യുവാവിന്റെ ബന്ധുവിനാണ് കേസിന്റെ അന്വേഷണ ചുമതലകൊടുത്തിരിക്കുന്നതെന്നും ആരോപണമുണ്ട്.

Related posts