പാലക്കാട്: മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്റെ പേര് കണ്ടെത്തി.
ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പാണ് കണ്ടെത്തിയത്.
പ്രജീവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.തന്റെ മരണത്തിന് കാരണം പ്രജീവാണ്. അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.
ഇയാള്‍ തന്നെ ഉപയോഗപ്പെടുത്തി. പല സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. അതിന്റെ വിവരങ്ങള്‍ തന്റെ ഫോണിലുണ്ട്.
ഒടുവില്‍ പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും കത്തില്‍ പറയുന്നു.
ഞായറാഴ്ചയാണ് മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷര്‍ ശരണ്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നില്‍ ബിജെപി നേതാവ് പ്രജീവാണെന്നു കുടുംബം ആരോപിച്ചിരുന്നു.
ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.